ദേശീയ പണിമുടക്കിനെ തള്ളിപ്പറഞ്ഞ കോൺഗ്രസ് നിലപാട് ബിജെപിയെ സഹായിക്കാൻ ;  ബിനോയ് വിശ്വം

രാജ്യത്തെ 30 കോടിയോളം വരുന്ന ജനങ്ങൾ അണിനിരന്ന ദേശീയ പണിമുടക്കിനെ കോൺഗ്രസ് തള്ളിപ്പറഞ്ഞത് ബിജെപിയുമായുള്ള അന്തർധാരയുടെ ഭാഗമാണെന്ന് ബിനോയ് വിശ്വം ആരോപിച്ചു. പണിമുടക്കിൽ സജീവമായിരുന്ന ഐഎൻടിയുസിയെ രാഷ്ട്രീയ സമ്മർദ്ദം ചെലുത്തി പിന്തിരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിച്ചത്. ഐഎൻടിയുസിയെ സമരരംഗത്തുനിന്ന് നിർബന്ധപൂർവ്വം വലിച്ചുമാറ്റിയ കോൺഗ്രസ് നേതൃത്വം, പണിമുടക്കിനെ പരസ്യമായി തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്.

ബിജെപിയെയും ,മോദി സർക്കാരിനെയും നേരിടുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾക്ക് വലിയ വൈമനസ്യമാണുള്ളതെന്നും, അവർ ബിജെപിയെ വെള്ളപൂശുന്ന രീതിയിലാണ് സംസാരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എൽഡിഎഫ് തങ്ങളുടെ ജാഥ മാറ്റിവച്ചപ്പോൾ, പണിമുടക്ക് ദിവസം തന്നെ ജാഥ നടത്തിക്കൊണ്ട് യുഡിഎഫ് വെല്ലുവിളിക്കുകയായിരുന്നു. പണിമുടക്ക് തെറ്റാണെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന ഇതിന് ഉദാഹരണമാണ്. യുഡിഎഫ് ജാഥയിൽ നടക്കുന്നത് സ്നേഹത്തള്ളാണോ അതോ സ്നേഹത്തല്ലാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും, മുല്ലപ്പള്ളി രാമചന്ദ്രൻ താഴെ വീണ ദൃശ്യങ്ങൾ കേരളത്തിലെ യുഡിഎഫിന്റെ ഇന്നത്തെ പരിതാപകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം പരിഹസിച്ചു. സമീപകാല സംഭവങ്ങൾ വിലയിരുത്തിയാൽ യുഡിഎഫും, ബിജെപിയും രണ്ടല്ല, ഒന്നാണെന്ന് വ്യക്തമാകുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button