അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്….
കോട്ടയം: അമ്മ മരിച്ച ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത് അറിയിച്ചുവെന്ന് സിപിഎം നേതാവ് വൈക്കം വിശ്വൻ. നവനീതിന് സ്ഥിരം ജോലി ഉറപ്പാക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും വൈക്കം വിശ്വൻ പറഞ്ഞു. കഴിഞ്ഞ ദിവസം നവനീതിന് താൽക്കാലിക ജോലി നൽകുമെന്ന് സർക്കാർ പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ മകൻ പഠിച്ചതുമായി ബന്ധപ്പെട്ട ജോലി ലഭിച്ചാൽ നന്നായിരിക്കുമെന്ന് ബിന്ദുവിൻ്റെ ഭർത്താവ് വിശ്രുതനും പ്രതികരിച്ചു. മകളുടെ ശസ്ത്രക്രിയയ്ക്കായി കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചപ്പോഴാണ് കെട്ടിടം തകർന്നു വീണ് ബിന്ദു മരിച്ചത്.
അതേസമയം, ആരോഗ്യ മന്ത്രി വീണ ജോർജ് ഇന്ന് ബിന്ദുവിന്റെ വീട്ടിലെത്തില്ലെന്ന് വീട് സന്ദർശിച്ച സിപിഎം നേതാവ് കെ അനിൽകുമാർ പറഞ്ഞു. സിപിഎം നേതാക്കളുടെ സാന്നിധ്യത്തിൽ ബന്ധുക്കളുമായി മന്ത്രി ഫോണിൽ സംസാരിച്ചു. നവമിയെ തുടർചികിത്സയ്ക്കായി തിങ്കളാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിക്കും.
കുടുംബത്തിന്റെ സൗകര്യം കൂടി പരിഗണിച്ച് തിങ്കളാഴ്ചയ്ക്ക് ശേഷമായിരിക്കും മന്ത്രിയുടെ സന്ദർശനമെന്നും അനിൽ കുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും കുടുംബവുമായി ഫോണിൽ സംസാരിച്ചു. ബിന്ദുവിന്റെ വീട് നവീകരണം നാഷണൽ സർവീസ് സ്കീം വഴി നടത്താനും തീരുമാനിച്ചിട്ടുണ്ട്.