‘മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യമായി അതിവിടെ കിട്ടും.. ആരോഗ്യമന്ത്രി വരും’..
മുഖ്യമന്ത്രിയുടെ പ്രതികരണത്തിൽ ആശ്വാസമെന്ന് മരിച്ച ബിന്ദുവിന്റെ ഭർത്താവ് വിശ്രുതൻ. സർക്കാർ ചേർത്തു നിർത്തുമെന്നാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നതെന്ന് വിശ്രുതൻ. മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ടെങ്കിൽ കൃത്യമായി ധനസഹായമുൾപ്പെടെ ലഭിക്കുമെന്നും ഭർത്താവ് വിശ്രുതൻ. ആരോഗ്യമന്ത്രി വരുമെന്നും കുടുംബം പറയുന്നു. കൃത്യമായി എത്ര തുക നഷ്ട പരിഹാരം തുക തരുമെന്നൊന്നും കണക്ക് പറഞ്ഞിട്ടില്ല. നവമിയുടെ ചികിത്സയുൾപ്പെടെ സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. നമ്മുടെ സമയം നോക്കി ഓപ്പറേഷൻ നടത്താമെന്ന് സർക്കാർ ഉറപ്പു നൽകിയിട്ടുണ്ട്. ഇതിനായി മെഡിക്കൽ ബോർഡ് ഉൾപ്പെടെ രൂപീകരിച്ച് ഡോക്ടറെയും ക്രമീകരിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രി ചേർത്തു നിർത്തുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്. ഒന്നോ രണ്ടോ ദിവസത്തിനകം എത്താമെന്ന് ഉറപ്പു നൽകിയെന്നും വിശ്രുതൻ.
സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. കോട്ടയം മെഡിക്കൽ കോളേജിലുണ്ടായതുപോലുള്ള ദൗർഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള എല്ലാ മുൻകരുതലും സർക്കാർ ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മരണപ്പെട്ട ബിന്ദുവിൻ്റെ കുടുംബാംഗങ്ങൾക്ക് ഉചിതമായ സഹായം നൽകും. അവരുടെ ദുഃഖത്തിൽ പങ്കു ചേരുന്നു. സർക്കാരിൻ്റെ സഹായങ്ങളും പിന്തുണയും അവർക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതൽ കരുത്തോടെ സർക്കാർ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താക്കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്
ആരോഗ്യമന്ത്രിയും ഫേസ്ബുക്കിലൂടെ ഇന്ന് പ്രതികരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പ്രിയപ്പെട്ട ബിന്ദു മരണമടഞ്ഞ സംഭവം ഏറെ വേദനിപ്പിക്കുന്നതാണെന്നും കുടുംബത്തിന്റെ ദു:ഖം തന്റേയും ദു:ഖമാണെന്നും മന്ത്രി ഫേസ്ബുക്കിലൂടെ കുറിച്ചു. കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്ക് ചേരുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്യുന്നു. സര്‍ക്കാര്‍ പ്രിയപ്പെട്ട ബിന്ദുവിന്റെ കുടുംബത്തിന് ഒപ്പമുണ്ടാകുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പ്രതികരണം