ബിന്ദു പത്മനാഭൻ കൊലക്കേസ്: ഭൂമി വാങ്ങിയ സതീശൻ മുഖ്യസാക്ഷി..19 വർഷത്തിന് ശേഷം ചുരുളഴിഞ്ഞത് പണമിടപാടിൽ…
ചേർത്തല: 2006-ൽ കാണാതായ ചേർത്തല സ്വദേശിനി ബിന്ദു പത്മനാഭൻ്റെ കൊലപാതകക്കേസിൽ 19 വർഷങ്ങൾക്ക് ശേഷം നിർണായക വഴിത്തിരിവ്. ബിന്ദുവിൻ്റെ ഭൂമി വാങ്ങിയ സതീശനാണ് കേസിൽ മുഖ്യസാക്ഷിയായി മാറിയത്. പ്രതിയായ സി.എം. സെബാസ്റ്റ്യൻ്റെ കുറ്റസമ്മതമൊഴി പ്രകാരം, വസ്തുവിൻ്റെ പണമിടപാട് നടത്തിയ അതേ ദിവസമാണ് ബിന്ദു കൊല്ലപ്പെട്ടത്. പ്രതിയെ കൂടാതെ, ബിന്ദുവിനെ അവസാനമായി ജീവനോടെ കണ്ട വ്യക്തിയും സതീശനാണ്.
ബിന്ദുവിൻ്റെ അമ്പലപ്പുഴയിലുള്ള സ്ഥലം വാങ്ങിയത് ചേർത്തല പള്ളിപ്പുറം സ്വദേശിയായ സതീശനായിരുന്നു. ഈ വസ്തുവിൽപനയുടെ ഇടനിലക്കാരനായി പ്രവർത്തിച്ച സെബാസ്റ്റ്യൻ്റെ പള്ളിപ്പുറത്തെ വീട്ടിൽ വെച്ചാണ് വിൽപനക്കരാർ എഴുതിയത്. ഈ സമയം ബിന്ദുവും സെബാസ്റ്റ്യനും സതീശനും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. വസ്തു വിൽപനയിൽ സതീശനിൽ നിന്ന് അഡ്വാൻസ് ലഭിച്ച ഒന്നര ലക്ഷം രൂപ തനിക്ക് വേണമെന്ന് സെബാസ്റ്റ്യൻ ബിന്ദുവിനോട് ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് ഷാൾ കഴുത്തിൽ മുറുക്കി ഞെരിച്ച് സെബാസ്റ്റ്യൻ ബിന്ദുവിനെ കൊലപ്പെടുത്തുകയായിരുന്നു. 2006 മെയ് 7-നാണ് ബിന്ദു കൊല്ലപ്പെട്ടത്.