വാഹന പരിശോധനയ്ക്കിടെ ബൈക്കിന് കൈ കാണിച്ചു…സിവിൽ പൊലീസ് ഓഫീസറെ ഇടിച്ചിട്ട് രക്ഷപ്പെട്ടു…

വാഹന പരിശോധനയ്ക്കിടെ സിവിൽ പൊലീസ് ഓഫിസറെ ബൈക്കിടിച്ച് വീഴ്ത്തി. വിഴിഞ്ഞം സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ രാകേഷിനാണ് കൃത്യനിർവഹണത്തിനിടെ അപകടത്തിൽ ഗുരുതര പരുക്കേറ്റത്. കഴിഞ്ഞ ദിവസം  വിഴിഞ്ഞം സ്റ്റേഷൻ ഹൗസ് ഓഫീസറുടെ നേതൃത്വത്തിൽ കല്ലുവെട്ടാൻകുഴി ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെയായിരുന്നു സംഭവം. മറ്റൊരു വാഹനം പരിശോധിക്കുന്നതിനിടയിൽ എത്തിയ ബൈക്കിന് കൈ കാണിച്ചുവെങ്കിലും രണ്ടു പൊലീസുകാരെ വെട്ടിച്ച് അമിത വേഗതയിലെത്തിയ ബൈക്ക് രാകേഷിനെ ഇടിച്ചു തെറിപ്പിച്ച് കടന്നു കളഞ്ഞു. ഇടിയുടെ ആഘാതത്തിൽ ഇടുപ്പ് ഭാഗത്ത് ഗുരുതര പരിക്കേൽക്കുകയും കൈയിൽ മുറിവേൽക്കുകയും ചെയ്തു. 

ഉടൻ തന്നെ എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസുകാർ വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇടിച്ചിട്ട വാഹനം തിരിച്ചറിയാനായി പ്രദേശത്തെ സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Related Articles

Back to top button