തിരുവനന്തപുരത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു…ഭാര്യയ്ക്ക്…
തിരുവനന്തപുരം: ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രിന് ദാരുണാന്ത്യം . ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം വെമ്പായം ചാത്തമ്പാട്ടാണ് അപകടം നടന്നത്. കണിയാപുരം ചിറ്റാറ്റുമുക്ക് സ്വദേശി റഹീം (45) ആണ് മരിച്ചത്. ഇദ്ദേഹത്തിൻ്റെ ഭാര്യ നസീഹയ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്. നസീഹയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്.
കുടുംബ വീട്ടിലേക്ക് വരികയായിരുന്നു ദമ്പതികൾ. പോത്തൻകോട് -വെമ്പായം റോഡിൽ കൊഞ്ചിറ ചാത്തമ്പാട്ട് വച്ച് ഇവരുടെ ബൈക്കിൽ പുറകിൽ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ദമ്പതികൾ സഞ്ചരിച്ച ബൈക്കിനെ മറികടക്കാൻ ടിപ്പർ ലോറി ശ്രമിച്ചപ്പോഴാണ് അപകടം നടന്നത്. അപകടത്തിൽ ലോറിക്കടിയിലേക്ക് വീണ് റഹീം സംഭവസ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നസീഹയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം.