വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തു… യുവാവിനെ മർദിച്ച് സഹോദരങ്ങൾ അറസ്റ്റിൽ

തിരുവനന്തപുരം: തിരുമലയിൽ ബൈക്ക് പാർക്ക് ചെയ്തതിനെ ചൊല്ലിയുണ്ടായ തർക്കം ക്രൂരമായ മർദ്ദനത്തിൽ കലാശിച്ചു. അയൽവാസിയായ യുവാവിനെ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ച സഹോദരങ്ങളെ കരമന പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ചാലുംമൂട് സ്വദേശികളായ മുഹമ്മദ് സഫർ (23), മുഹമ്മദ് സഫൻ (21) എന്നിവരാണ് പിടിയിലായത്.
ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. വീടിനു മുന്നിൽ ബൈക്ക് പാർക്ക് ചെയ്തത് ചോദ്യം ചെയ്തതായിരുന്നു ആക്രമണത്തിന് കാരണം. പ്രതികൾ ഇരുമ്പുവടി ഉപയോഗിച്ചാണ് യുവാവിനെ ആക്രമിച്ചത്. യുവാവിന്റെ പുരികത്തിനും കാൽ വിരലുകൾക്കും ഗുരുതരമായി പരിക്കേറ്റു. മകനെ രക്ഷിക്കാൻ എത്തിയ മാതാപിതാക്കളെയും പ്രതികൾ വെറുതെ വിട്ടില്ല. ഇവരെയും പ്രതികൾ ശാരീരികമായി ഉപദ്രവിച്ചു. പരിക്കേറ്റ യുവാവ് നിലവിൽ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അറസ്റ്റിലായവരിൽ ഒന്നാം പ്രതി മുഹമ്മദ് സഫർ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടയാളാണെന്ന് പൊലീസ് വ്യക്തമാക്കി. 2020-ൽ കരമന സ്റ്റേഷനിൽ തന്നെ ഇയാൾക്കെതിരെ വധശ്രമത്തിന് കേസുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



