നിയന്ത്രണം നഷ്ടപ്പെട്ടു; മെട്രോ പില്ലറിലേക്ക് ബൈക്ക് ഇടിച്ച് കയറി യുവാവിന് ദാരുണാന്ത്യം

കൊച്ചി കളമശേരിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. മലപ്പുറം സ്വദേശിയായ മുഹമ്മദ് മുസ്തഫ (25)യാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് മെട്രോ പില്ലറിൽ ഇടിച്ചു കയറുകയായിരുന്നു. ബൈക്ക് അമിത വേഗതിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ ബൈക്ക് പൂർണമായി തകർന്നു. സംഭവ സ്ഥലത്ത് വച്ച് തന്നെ യുവാവ് മരണപ്പെട്ടു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.
മറ്റൊരു സംഭവത്തിൽ കൊല്ലം അഞ്ചലിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ സാരമായി പരിക്കേറ്റ കാർ ഡ്രൈവറെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ ആറു മണിയോടെ അഞ്ചൽ- ആയൂർ റൂട്ടിൽ കൈപ്പിള്ള മുക്കിന് സമീപത്താണ് അപകടം നടന്നത്. കുളത്തൂപ്പുഴയിൽ നിന്നും കൊല്ലത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും അഞ്ചൽ അഗസ്ത്യക്കോട്ടേക്ക് പോവുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ബസിന്റെ ഡീസൽ ടാങ്കിലേക്കാണ് കാർ ഇടിച്ച് കയറിയത്



