അമ്മയുടെ മരണാനന്തര ചടങ്ങിന് തലേന്ന് ബൈക്ക് അപകടം.. മകൻ മരിച്ചു.. സംഭവം ഹരിപ്പാട്…
മാതാവിന്റെ മരണാനന്തര ചടങ്ങിന്റെ തലേന്ന് മകൻ അപകടത്തിൽ മരിച്ചു. ആറാട്ടുപുഴ മംഗലം മനയിൽ വീട്ടിൽ പരേതനായ അനിരുദ്ധന്റെ മകൻ അനീഷാണ് (43) ബൈക്കുകൾ തമ്മിൽ ഇടിച്ചു ഉണ്ടായ അപകടത്തിൽ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാല് മണിയോടെ തൃക്കുന്നപ്പുഴ വലിയഴിക്കൽ റോഡിൽ കുറിച്ചിക്കൽ ജംഗ്ഷന് വടക്കുഭാഗത്ത് വീടിന് മുന്നിലായിരുന്നു അപകടം.
മാതാവ് സുഭാഷിണിയുടെ 16 അടിയന്തര ചടങ്ങ് ഞായറാഴ്ച 11 മണിക്കാണ് നിശ്ചയിച്ചിരുന്നത്. ഇതിന്റെ ഒരുക്കങ്ങൾക്കായി തൃക്കുന്നപ്പുഴയിൽ നിന്നും സാധനങ്ങൾ വാങ്ങി ബന്ധുവിനോടൊപ്പം ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. വീട്ടിലേക്കുള്ള വഴിയിലേക്ക് തിരിയാൻ തുടങ്ങുമ്പോൾ അതേ ദിശയിൽ വന്ന ബൈക്ക് പിന്നിൽ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്കിന്റെ പിന്നിലിരുന്ന അനീഷിന്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റത്. ബൈക്ക് ഓടിച്ച മംഗലം ആലുമ്മൂട്ടിൽ വടക്കതിൽ റജി (44) നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.