നിയന്ത്രണം വിട്ട് ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറി അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാക്കൾക്ക് ദാരുണാന്ത്യം. അപകടത്തിൽ അമൽ (21),അഖിൽ (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം ഉണ്ടായത്. ബൈക്ക് ഓവുചാലിന്റെ സ്ലാബിന് അടിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തെ തുടർന്ന് രണ്ടുപേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. തിരുവനന്തപുരം ചെമ്പൂരിൽ വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിലാണ് അപകടം ഉണ്ടായത്.
വാഹനം നിയന്ത്രണം വിട്ട് സ്ലാബിന് അടിയിലേക്ക് ഇടിച്ച് കയറുകയായിരുന്നെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
മറ്റൊരു സംഭവത്തിൽ ബത്തേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതത്തൂണിൽ ഇടിച്ചു താഴ്ചയിലുള്ള കമ്പിവേലി തകർത്ത് കൃഷിയിടത്തിലേക്കു തെറിച്ചു വീണുണ്ടായ അപകടത്തിൽ 2 യുവാക്കൾ മരിച്ചു. വള്ളുവാടി കരിപ്പൂര് ഉന്നതിയിലെ സുനീഷ് (22), കല്ലൂർകുന്ന് ഉന്നതിയിലെ ബിജു (24) എന്നിവരാണു മരിച്ചത്. ബത്തേരിയിൽ നിന്ന് സിനിമ കണ്ടു മടങ്ങും വഴി ദേശീയപാത 766ൽ മൂലങ്കാവിനടുത്ത് ഓടപ്പള്ളം കവലയിൽ രാത്രി പന്ത്രണ്ടോടെയായിരുന്നു അപകടം. സാരമായി പരുക്കേറ്റ ഇരുവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
