നേപ്പാൾ വഴി മൂന്ന് പാക് ഭീകരർ രാജ്യത്ത് പ്രവേശിച്ചെന്ന് റിപ്പോർട്ട്.. കനത്ത ജാ​ഗ്രത.. സുരക്ഷ ശക്തമാക്കി…

നേപ്പാളിലെ കാഠ്മണ്ഡു വഴി മൂന്ന് പാകിസ്ഥാൻ ഭീകരർ നുഴഞ്ഞുകയറിയതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചതിനെ തുടർന്ന് ബിഹാറിൽ അതീവ ജാഗ്രത. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്‌ഷെ മുഹമ്മദ് (ജെ.ഇ.എം) അംഗങ്ങളാണ് ഭീകരരെന്നും ഓഗസ്റ്റ് 15 ന് അരാരിയ വഴി ബിഹാറിൽ പ്രവേശിച്ചുവെന്നും ഇന്റലിജൻസ് വിവരങ്ങൾ പറയുന്നു. റാവൽപിണ്ടി സ്വദേശിയായ ഹസ്‌നാനിൻ അലി, ഉമർകോട്ടിൽ നിന്നുള്ള ആദിൽ ഹുസൈൻ, ഭവാൽപൂരിൽ നിന്നുള്ള മുഹമ്മദ് ഉസ്മാൻ എന്നിവരാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് തിരിച്ചറിഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആഗസ്റ്റ് ആദ്യ വാരത്തിൽ പാകിസ്ഥാനിൽ നിന്നുള്ള മൂന്ന് ഭീകരർ നേപ്പാളിലേക്ക് കടക്കുകയും തുടർന്ന് ഓഗസ്റ്റ് 15 ന് ബിഹാറിലേക്ക് നുഴഞ്ഞു കയറുകയും ചെയ്തുവെന്നാണ് വിവരം.

ബിഹാർ പൊലീസ് ആസ്ഥാനം മൂന്ന് ഭീകരരുടെയും പേരുകൾ, ഫോട്ടോഗ്രാഫുകൾ, പാസ്‌പോർട്ട് വിശദാംശങ്ങൾ എന്നിവ അതിർത്തി സംസ്ഥാനങ്ങളിലേക്ക് അയച്ചിട്ടുണ്ട്. സംസ്ഥാനമെമ്പാടും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികളുടെ ഏതൊരു ശ്രമവും തടയുന്നതിന് പട്രോളിംഗും തിരച്ചിൽ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ടെന്ന് ബിഹാർ ഡിജിപി വിനയ് കുമാർ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നുഴഞ്ഞുകയറ്റം റിപ്പോർട്ട് ചെയ്തത്. വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയിവൽ സുരക്ഷ ശക്തമാക്കി. പ്രാദേശിക തലത്തിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ ഇന്റലിജൻസ് യൂണിറ്റുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

ഇന്റലിജൻസ് റിപ്പോർട്ടുകളെത്തുടർന്ന് മുൻകരുതൽ നടപടിയായി രാജ്ഗിർ, ബോധ്ഗയ, പട്ന തുടങ്ങി നിരവധി സ്ഥലങ്ങളിലെ സുപ്രധാന സ്ഥാപനങ്ങൾക്കും വിനോദസഞ്ചാര കേന്ദ്രങ്ങൾക്കും ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചു. മഹാബോധി ക്ഷേത്ര സമുച്ചയം (ബോധ് ഗയ), വിശ്വശാന്തി സ്തൂപം (രാജ്ഗിർ), മഹാവീർ ക്ഷേത്രം, തഖത് ശ്രീ ഹരിമന്ദിർ ജി, പട്‌ന സാഹിബ് (പട്‌ന) തുടങ്ങി വിനോദസഞ്ചാരികളുടെ തിരക്ക് കൂടുതലുള്ള എല്ലാ സ്ഥലങ്ങളിലും സുരക്ഷ ശക്തമാക്കി.

Related Articles

Back to top button