ബീഹാറിൽ ഇന്ന് വോട്ടെണ്ണൽ; അധികാര പ്രതീക്ഷയോടെ എൻഡിഎയും ഇന്ത്യാ സഖ്യവും..

ജനാധിപത്യ ഇന്ത്യയുടെ ശ്രദ്ധ ബിഹാറിലേക്ക്. ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പുറത്തുവരും. ഇന്നു രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുന്നത്. എട്ടരയോടെ തന്നെ ആദ്യ ഫലസൂചനകൾ പുറത്തുവരും. പത്തുമണിയോടെ അടുത്ത അഞ്ചു വർഷം ആരാകും ബീഹാറിനെ നയിക്കുക എന്ന പൂർണചിത്രം വ്യക്തമാകും.
243 അംഗങ്ങളുള്ള നിയമസഭയിൽ ഭൂരിപക്ഷത്തിന് 122 സീറ്റുകൾ ആവശ്യമാണ്. 66.91ശതമാനം പോളിംഗാണ് നടന്നത്. തിരഞ്ഞെടുപ്പിന് പിന്നാലെ വന്ന എക്സിറ്റ് പോളുകൾ, നിതീഷ് കുമാർ–എൻഡിഎ കൂട്ടുകക്ഷിക്ക് ഭരണം തുടരുമെന്നാണ് ഏകകണ്ഠമായി സൂചിപ്പിക്കുന്നത്. എൻഡിഎയ്ക്ക് 130–167 സീറ്റുകളും ഇന്ത്യാ സഖ്യത്തിന് 70–108 സീറ്റുകളും ലഭിക്കുമെന്നതാണ് പൊതുവേയുള്ള പ്രവചനം. പ്രശാന്ത് കിഷോർ നയിക്കുന്ന ജൻ സുരാജ് പാർട്ടിക്ക് വലിയ മുന്നേറ്റമില്ലെന്നും സർവേകൾ പറയുന്നു.
വോട്ടെണ്ണലിന് മുന്നോടിയായി ഇന്ത്യാ സഖ്യം അധികാരത്തിൽ വരും എന്ന ആത്മവിശ്വാസം തേജസ്വി യാദവ് പ്രകടിപ്പിച്ചുകഴിഞ്ഞു. വോട്ടെണ്ണലിൽ ക്രമക്കേട് അനുവദിക്കരുതെന്ന് അദ്ദേഹം തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു. അതേസമയം, ടിഡിപിയുടെയും, ഭരണത്തിൽ തുടരാൻ സംഖ്യം വിടാനും മടിയില്ലെന്ന് പല തവണ തെളിയിച്ചിട്ടുള്ള നിതീഷ് കുമാർ നയിക്കുന്ന ജെഡിയുവിന്റെയും പിന്തുണയോടെ കേന്ദ്രഭരണം തുടരുന്ന ബിജെപിക്ക് ബിഹാറിൽ എൻഡിഎ സംഖ്യം ഭരണം നിലനിർത്തേണ്ടത് ആവശ്യമാണ്.




