കാസര്‍കോട്ടെ തട്ടിക്കൊണ്ടുപോകലിൽ വൻ ട്വിസ്റ്റ്…
കാസർകോട്ടെ തട്ടിക്കൊണ്ടു പോകൽ കേസിൽ പരാതിക്കാരും പ്രതികളായി. ആന്ധ്രാ സംഘത്തിലെ ഒരാളെ തടഞ്ഞുവെച്ച് ഏഴര ലക്ഷം രൂപ തട്ടിയ വിരോധത്തിലാണ് കാസര്‍കോട് മേൽപ്പറമ്പ് സ്വദേശി ഹനീഫയെ തട്ടിക്കൊണ്ടു പോയതെന്നാണ് ആദ്യം പിടിയിലായ പ്രതികളുടെ മൊഴി. ഇതോടെ കാസർകോട് സ്വദേശികൾ അടക്കം എട്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പിൻവലിച്ച നോട്ട് വെളുപ്പിക്കുന്ന ആന്ധ്രാസംഘത്തിലെ സിദാന ഓംകാർ, മാരുതി പ്രസാദ് റെഡി, ശ്രീനാഥ്, പൃഥിരാജ് എന്നിവരാണ് പിടിയിലായത്. ഇവര്‍ക്ക് പുറമെ കാസർകോട് സംഘത്തിലെ നേതാവ് ഷെരീഫ്, തട്ടിക്കൊണ്ടു പോയ മുഹമ്മദ് ഹനീഫ, നൂറുദ്ദീൻ, വിജയൻ എന്നിവരുടെ അറസ്റ്റും പൊലീസ് രേഖപ്പെടുത്തി. രണ്ട് സംഘത്തിനുമെതിരെ തട്ടിക്കൊണ്ടുപോകൽ, പണം തട്ടൽ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കാസര്‍കോട് സംഘം തട്ടിയെടുത്ത പണം അതേരീതിയിൽ ഭീഷണിപ്പെടുത്തി തിരികെ വാങ്ങാനായിരുന്നു ഇന്നലെ ഹനീഫയെ തട്ടിക്കൊണ്ടുപോയത്. അതിനിടയിലാണ് ഇവരെ കർണാടക സകലേഷ് പുര പൊലീസ് ഔട് പോസ്റ്റിൽ വെച്ച് പിടികൂടിയത്.



