രാജസ്ഥാനെതിരെ മുംബൈയ്ക്ക് കൂറ്റൻ സ്കോര്‍…
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്കോര്‍. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 217 റൺസ് നേടി. ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയുടെയും റയാൻ റിക്കൽട്ടണിന്റെയും അര്‍ദ്ധ സെഞ്ച്വറികളാണ് മുംബൈയുടെ പ്രകടനത്തിൽ നിര്‍ണായകമായത്.
രോഹിത് ശര്‍മ്മയും റയാൻ റിക്കൽട്ടണും മുംബൈയ്ക്ക് തകര്‍പ്പൻ തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 11.5 ഓവറിൽ 116 റൺസിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഏതാനും പന്തുകളുടെ മാത്രം വ്യത്യാസത്തിലാണ് രോഹിത്തും റിക്കൽട്ടണും മടങ്ങിയത്. 38 പന്തുകളിൽ നിന്ന് 7 ബൗണ്ടറികളും 3 സിക്സറുകളും പറത്തി 61 റൺസ് നേടിയ റിക്കൽട്ടണാണ് മുംബൈയുടെ ടോപ് സ്കോറര്‍. 36 പന്തുകളിൽ നിന്ന് 9 ബൗണ്ടറികളുടെ അകമ്പടിയോടെ രോഹിത് ശര്‍മ്മ 53 റൺസ് നേടിയാണ് മടങ്ങിയത്.