കാത്തിരിപ്പ് അവസാനിക്കുന്നു.. ബിഗ് ബോസ് മലയാളം സീസണ്‍ 7 ലോഞ്ച് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍..
ബിഗ് ബോസ് മലയാളം സീസണ്‍ 7 ന്‍റെ ഗ്രാന്‍ഡ് ലോഞ്ച് തീയതി പ്രഖ്യാപിച്ച് ഏഷ്യാനെറ്റ്. ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവുമധികം കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിന്‍റെ പുതിയ സീസണ്‍ ഓഗസ്റ്റ് 3 ന് ആരംഭിക്കും. അന്ന് വൈകിട്ട് 7 മണി മുതല്‍ ഏഷ്യാനെറ്റിലും ജിയോ ഹോട്ട്സ്റ്റാറിലും സീസണ്‍ കാണാനാവും
കഴിഞ്ഞ സീസണുകളുടെ പബ്ലിസിറ്റി മെറ്റീരിയലുകളില്‍ നിന്നൊക്കെ വ്യത്യസ്തമായിരുന്നു സീസണ്‍ 7 ന്‍റെ ഇതുവരെ പുറത്തെത്തിയ പരസ്യങ്ങള്‍. ലോഞ്ച് ഡേറ്റ് പ്രഖ്യാപിച്ചതും അങ്ങനെതന്നെ. നേരത്തെ പുറത്തെത്തി വലിയ പ്രേക്ഷകശ്രദ്ധ നേടിയ പ്രൊമോ വീഡിയോയുടെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയിലാണ് ലോഞ്ച് തീയതിയും ഏഷ്യാനെറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്. 1.25 മിനിറ്റ് ദൈര്‍ഘ്യമാണ് വീഡിയോയ്ക്ക് ഉള്ളത്.
ഏഴിന്‍റെ പണി വരുന്നു എന്ന ക്യാപ്ഷനോടെയാണ് മോഹന്‍ലാല്‍ അഭിനയിച്ച പ്രൊമോ വീഡിയോ നേരത്തെ എത്തിയത്. ബിഗ് ബോസ് ഷോകളില്‍ മത്സരാര്‍ഥികള്‍ സാധാരണ ഇറക്കാറുള്ള പലതരം കാര്‍ഡുകള്‍ ഇത്തവണ അനുവദിക്കില്ലെന്നാണ് അവതാരകനായ മോഹന്‍ലാല്‍ പ്രൊമോ വീഡിയോയില്‍ പറഞ്ഞത്. ഫേക്ക് കാര്‍ഡ്, സേഫ് കാര്‍ഡ്, സോപ്പിംഗ് കാര്‍ഡ്, നന്മ കാര്‍ഡ്, ഒളിക്കല്‍ കാര്‍ഡ്, പ്രിപ്പയര്‍ കാര്‍ഡ്, വിക്റ്റിം കാര്‍ഡ് എന്നിവയൊന്നും ഇനി ഈ ടേബിളില്‍ ഇറക്കി കളിക്കരുത്, കീറിപ്പോകും എന്നാണ് പ്രൊമോയില്‍ മോഹന്‍ലാലിന്‍റെ ഡയലോഗ്. രസിപ്പിക്കാന്‍ വരുന്നവര്‍ വെറുപ്പിക്കരുത്. ഇനി ഞാന്‍ അത് സമ്മതിക്കില്ല/ ഫാന്‍ ബോയ് എന്ന് പറഞ്ഞ് പതപ്പിച്ച് സോപ്പിംഗ് കളി നടത്തരുത്/ ഷോയുടെ ഉള്ളില്‍ വേറൊരു ഷോ ഇറക്കി വിക്റ്റിം കാര്‍ഡ് കളിക്കരുത്/ നന്മമരം കളിക്കരുത്/ സേഫ് ഗെയിം കളിക്കരുത് എന്നിങ്ങനെയാണ് മോഹന്‍ലാല്‍ ഇത്തവണത്തെ മത്സരാര്‍ഥികളോട് പറയുന്ന രീതിയില്‍ പ്രൊമോയില്‍ ഉണ്ടായിരുന്നത്.
കഴിഞ്ഞ സീസണുകളേക്കാള്‍ വലുതും ധീരവും കൂടുതൽ ആവേശകരവുമായിരിക്കും പുതിയ സീസൺ എന്ന് ഉറപ്പുനൽകുന്നതായിരുന്നു പ്രൊമോ. ഇത്തവണ ടാസ്ക്കുകളിലും മത്സരങ്ങളിലും വലിയ മാറ്റങ്ങളുണ്ടാകുമെന്ന സൂചനയും പ്രൊമോ നല്‍കിയിരുന്നു. സംവിധായകനും നടനുമായ മൃദുല്‍ നായര്‍ ആയിരുന്നു പ്രൊമോയുടെ സംവിധാനം. പ്രശസ്ത ഛായാഗ്രാഹകന്‍ കെ യു മോഹനന്‍ ആണ് വീഡിയോ ചിത്രീകരിച്ചത്. അതേസമയം സീസണ്‍ 7 ലെ മത്സരാര്‍ഥികള്‍ ആരൊക്കെ എന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.