ഹിന്ദു സർവകലാശാലയിൽ വിദ്യാർത്ഥികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടി; 100ലധികം വിദ്യാർത്ഥികൾക്കെതിരെ കേസ്….

ബനാറസ് ഹിന്ദു സർവകലാശാലയിൽ വിദ്യാർത്ഥികളും സുരക്ഷ ഉദ്യോഗസ്ഥരും തമ്മിൽ സംഘർഷം. 100ലധികം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത് പൊലീസ്. ചൊവ്വാഴ്ച രാത്രിയാണ് സംഘർഷമുണ്ടായത്. നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
രാജാ റാം ഹോസ്റ്റലിന് സമീപം വിദ്യാർത്ഥിനിയെ വാഹനമിടിച്ചതുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉടലെടുത്തത്.
പരാതിപ്പെടാൻ വിദ്യാർത്ഥികൾ സുരക്ഷ ഉദ്യോഗസ്ഥരുടെ അടുത്തെത്തിയതോടെ വാക്കുതർക്കമുണ്ടാകുകയായിരുന്നു. തുടർന്ന്, വിദ്യാർത്ഥികൾ നടത്തിയ കല്ലേറിൽ കെട്ടിടങ്ങൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. സംഘർഷത്തിൽ ചില വിദ്യാർത്ഥികൾക്ക് പരിക്കേറ്റതായാണ് സ്ഥിരീകരിക്കാത്ത വിവരം. പിന്നീട്, പൊലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
സർവകലാശാലയിൽ സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് അസി. പൊലീസ് കമീഷണർ ഗൗരവ് കുമാർ അറിയിച്ചു. സർവകലാശാല സുരക്ഷ ഉദ്യോഗസ്ഥന്റെ പരാതി പ്രകാരം 100ലധികം വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തതായും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും പൊലീസ് പറഞ്ഞു



