ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ ഇനി ഓർമ… കെട്ടിടം പൊളിച്ചു നീക്കി…
ഭാരതപ്പുഴ റെയിൽവേ സ്റ്റേഷൻ ഇനി ഓർമ മാത്രമാകുന്നു. ടിക്കറ്റ് കൗണ്ടർ ഉൾപ്പെടെയുണ്ടായിരുന്ന റെയിൽവേ സ്റ്റേഷന്റെ കോൺക്രീറ്റ് കെട്ടിയം പൊളിച്ചു നീക്കൽ ആരംഭിച്ചു. വെള്ളിയാഴ്ച മുതലാണ് കെട്ടിടം പൊളിച്ചു നീക്കുന്ന ജോലികൾ ആരംഭിച്ചത്.
1986ൽ അന്നത്തെ കേന്ദ്ര മന്ത്രിയായിരുന്ന മുൻ രാഷ്ട്രപതി കെആർ നാരായണന്റെ കാലത്താണ് ഭാരതപ്പുഴ നദിയുടെ പേരിലുള്ള സ്റ്റേഷൻ അനുവദിച്ചത്. ഷൊർണൂർ റെയിൽവേ സ്റ്റേഷന്റെ കിഴക്കുവശത്തായി പണിത ഭാരതപ്പുഴ സ്റ്റേഷൻ പാസഞ്ചർ ട്രെയിനുകൾക്കുള്ള ഹാൾട്ട് സ്റ്റേഷനായിരുന്നു ഒരുകാലത്ത്. പിന്നീട് സാമ്പത്തിക ലാഭമില്ലെന്നും യാത്രക്കാരുടെ അഭാവവും ചൂണ്ടിക്കാട്ടി റെയിൽവേ അധികൃതർ അതിന്റെ പ്രവർത്തനം അവസാനിപ്പിച്ചു. കെട്ടിടം അനാഥമായി കിടക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി.
ഷൊർണൂർ ഈസ്റ്റ് എന്ന് പുനർനാമകരണം ചെയ്തോ, ഷൊർണൂർ വഴി പോകുന്ന തിരഞ്ഞെടുത്ത ട്രെയിനുകൾക്ക് അവിടെ സ്റ്റോപ്പ് അനുവദിച്ചോ സ്റ്റേഷൻ പുനരുജ്ജീവിപ്പിക്കണമെന്ന് പ്രദേശവാസികൾ കാലങ്ങളോളം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും ഒരിക്കൽ പോലും പരിഗണിക്കപ്പെട്ടില്ല. ഷൊർണൂരുമായി ബന്ധിപ്പിക്കുന്ന അപ്രോച്ച് റോഡിന്റെ അഭാവവും ഈ സ്റ്റേഷന്റെ തകർച്ച വേഗത്തിലാക്കി.