രണ്ട് ദിവസം ബെവ്കോ അവധി..പതിവുപോലെ ഇത്തവണയും ..

പതിവുപോലെ ഇത്തവണയും ഉത്രാടദിവസം ബെവ്‌കോയിൽ നടന്നത് വൻ വിൽപ്പന. തിരുവോണ ദിവസമായ വെള്ളിയാഴ്ച സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അവധിയായതിനാൽ വ്യാഴാഴ്ച വലിയ തിരക്കാണ് സംസ്ഥാനത്തൊട്ടാകെയുള്ള ഔട്ട്‌ലെറ്റുകളിൽ അനുഭവപ്പെട്ടത്. അതിനാൽത്തന്നെ വ്യാഴാഴ്ച റെക്കോഡ് മദ്യവിൽപ്പനയാകും സംസ്ഥാനത്ത് രേഖപ്പെടുത്തുകയെന്നാണ് ബെവ്‌കോ അധികൃതരുടെ കണക്കുകൂട്ടൽ.

കഴിഞ്ഞവർഷം ഉത്രാടദിനത്തിൽ മലയാളി കുടിച്ചുതീർത്തത് 124 കോടിയുടെ മദ്യമാണ്. ഈ റെക്കോഡ് ഇത്തവണ മറികടന്നേക്കുമെന്നാണ് സൂചന. 2023-ലെ ഉത്രാടദിനത്തിൽ 116 കോടി രൂപയുടെ കച്ചവടമാണ് നടന്നത്. കഴിഞ്ഞവർഷം ഓണക്കാലത്തുമാത്രം ബെവ്‌കോയിൽ 818.21 കോടി രൂപയുടെ മദ്യവിൽപ്പന നടന്നിരുന്നു. ഇത്തവണ ഈ കണക്കുകൾ ഉയരാനാണ് സാധ്യത.

കഴിഞ്ഞവർഷം ഓണക്കാലത്ത് ഉത്രാടംവരെയുള്ള ഒമ്പതു ദിവസം 701 കോടിയോളം രൂപയുടെ മദ്യമാണ് ബെവ്‌കോ വഴി വിറ്റഴിച്ചതെന്നാണ് റിപ്പോർട്ട്. എക്‌സൈസ് വകുപ്പിന് കീഴിലുള്ള ബെവ്‌കോയ്ക്ക് സംസ്ഥാനത്ത് 278 ഔട്ട്‌ലെറ്റുകളും 155 സെൽഫ് സർവീസ് ഔട്ട്‌ലെറ്റുകളുമാണ് ഉള്ളത്.

തിരുവോണത്തിന് പുറമെ ശ്രീനാരായണ ഗുരു ജയന്തി പ്രമാണിച്ച് സെപ്റ്റംബർ ഏഴിനും ശ്രീനാരായണ ഗുരു സമാധി ദിനം പ്രമാണിച്ച് സെപ്റ്റംബർ 21-നും ബിവറേജസ് ഔട്ട്‌ലെറ്റുകൾക്ക് അവധിയായിരിക്കും.

ഇത്തവണ ഓണം പ്രമാണിച്ച് ബെവ്‌കോ ജീവനക്കാർക്ക് ലഭിച്ച ബോണസ് തുകയും ശ്രദ്ധേയമായിരുന്നു. 102,500 രൂപ റെക്കോഡ് ബോണസാണ് ഇത്തവണ ബെവ്‌കോ ജീവനക്കാർക്ക് ലഭിച്ചത്. എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം. കടകളിലേയും ഹെഡ്ക്വാർട്ടേഴ്‌സിലേയും ക്ലിനിങ് സ്റ്റാഫിനും എംപ്ലോയ്‌മെന്റ് സ്റ്റാഫിനും 6000 രൂപ ബോണസ് ആയി നൽകും. കഴിഞ്ഞ വർഷം ഇത് 5000 രൂപയായിരുന്നു. ഹെഡ് ഓഫീസിലേയും വെയർ ഹൗസുകളിലേയും സുരക്ഷാ ജീവനക്കാർക്ക് 12500 രൂപ ബോണസ് ആയി ലഭിക്കും.

കഴിഞ്ഞവർഷം 95,000 രൂപയായിരുന്നു ബോണസ്. അതിന് മുമ്പത്തെ വർഷം 90,000 രൂപയായിരുന്നു സ്ഥിരം ജീവനക്കാർക്ക് ബോണസ് ലഭിച്ചത്.

Related Articles

Back to top button