തൊമ്മൻകുത്തിൽ കുരിശ് പൊളിച്ച ഭൂമിയിലേക്ക് കുരിശിന്റെ വഴിയുമായി വിശ്വാസികൾ… തടഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്‌ഥർ…
ഇടുക്കി തൊമ്മൻകുത്തിൽ വനം വകുപ്പ് കുരിശ് പിഴുതുമാറ്റിയ സ്ഥലത്തേയ്ക്ക് കുരിശിന്റെ വഴിയുമായി സഭ. പോലീസും വനംവകുപ്പും തടഞ്ഞതോടെ പ്രാർത്ഥനാ പ്രതിഷേധവുമായി വിശ്വാസികൾ. തൊമ്മൻകുത്ത് സെന്റ്തോമസ് പള്ളി നാരുങ്ങാനത്ത് സ്ഥാപിച്ച കുരിശ് കൈവശ ഭൂമിയിൽ എന്ന് സഭ. വനം വകുപ്പ് ഭൂമിയെന്ന് സർക്കാർ.
രാവിലെ തൊമ്മൻകുത്ത് സെന്റ് തോമസ് പള്ളിയിലെ ദുഃഖവെള്ളി ചടങ്ങുകൾക്ക് ശേഷമാണ് വനംവകുപ്പ് കുരിശ് നീക്കം ചെയ്ത സ്ഥലത്തേക്ക് പള്ളിയുടെ നേതൃത്വത്തിൽ കുരിശിന്റെ വഴി നടത്തിയത്. പതിനാലാമത്തെ സ്‌ഥലമായ തർക്ക ഭൂമിയിലേക്ക് കടക്കുന്നത് പോലീസും വനം വകുപ്പും ചേർന്ന് തടഞ്ഞു. കുരിശ് സ്‌ഥാപിക്കില്ലെന്നും പ്രാർത്ഥന നടത്തി തിരികെ പോകുമെന്നും വൈദികർ ഉൾപ്പെടെ പറഞ്ഞെങ്കിലും ഉദ്യോഗസ്‌ഥർ സമ്മതിച്ചില്ല