കൈനീട്ടിയുള്ള ഭിക്ഷാടനമൊക്കെ പഴഞ്ചനല്ലേ സാറേ…ക്യൂ ആർ കോഡും ഗൂഗിൾപേയുമായി യുവതികൾ… പണം എത്തുന്നതാകട്ടെ….
ട്രെയിനുകളിൽ പാട്ടുപാടിയും കാർഡുകൾ വിതരണം ചെയ്തും കൈനീട്ടിയും ഭിക്ഷയാചിച്ചിരുന്ന കാലം കഴിഞ്ഞു. ക്യൂ ആർ കോഡും ഗൂഗിൾപേയുമായി ഭിക്ഷാടകരും ഇപ്പോൾ ക്യാഷ്ലെസ് ഇക്കോണമിയുടെ ഭാഗമായിരിക്കുകയാണ്. കോട്ടയം റയിൽവെ സ്റ്റേഷനിൽ നിന്നും റെയിൽവേ സംരക്ഷണസേന പിടികൂടിയ നാടോടി സ്ത്രീകളാണ് ക്യൂ ആർ കോഡുമായി ഭിക്ഷാടനം നടത്തിയിരുന്നത്.
ലക്ഷ്മി എന്ന തെലങ്കാന സ്വദേശിനിയും സരസ്വതി എന്ന കർണാടക സ്വദേശിനിയുമാണ് പിടിയിലായത്.ക്യു.ആർ.കോഡുവഴി ലഭിക്കുന്ന പണം ഇവരുടെ സ്പോൺസർമാരുടെ അക്കൗണ്ടുകളിലാണ് എത്തിച്ചേരുന്നതെന്ന് ആർ.പി.എഫ്. ഇൻസ്പെക്ടർ എൻ.എസ്.സന്തോഷ് പറഞ്ഞു. ഭിക്ഷാടനത്തിനായി കരുതിയിരുന്ന നൂറ്റൻപതോളം കാർഡും ക്യു.ആർ.കോഡും 250 രൂപയും ഇവരിൽനിന്ന് കണ്ടെത്തി.
ആറുമാസം പ്രായമായ കുഞ്ഞിനെ ശിശുഭവനത്തിൽ ഏൽപ്പിച്ചശേഷമാണ് ലക്ഷ്മി ഡിജിറ്റൽ ഭിക്ഷാടനത്തിനിറങ്ങിയത്. പുതിയ നിയമപ്രകാരം ഇത്തരക്കാർക്കെതിരേ കേസെടുക്കാനാകില്ല. അതിനാൽ ഇവരെ റെയിൽവേപരിസരത്തുനിന്ന് പുറത്താക്കുകയാണ് ആർ.പി.എഫ്. ചെയ്യുന്നത്.