ബീറ്റ്റൂട്ടിനോട് അകലം പാലിക്കേണ്ട.. ദിവസവും കഴിച്ചാൽ ഗുണങ്ങൾ ഏറെ…
പ്രമേഹബാധിതരുടെ എണ്ണം ഇന്ത്യയിൽ കുത്തനെ കൂടിക്കൊണ്ടിരിക്കുകയാണെന്നാണ് പഠനം പറയുന്നത്.ശരിയായ ഭക്ഷണക്രമം വ്യായാമം എന്നിവയിലൂടെ പ്രമേഹത്തെ വരുതിയിൽ ആക്കാവുന്നതേയുള്ളൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിൽ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.പ്രമേഹത്തെ പ്രതിരോധിക്കുന്നതിൽ പ്രധാനിയാണ് ബീറ്റ്റൂട്ട്.എന്നാൽ അവയുടെ നിറവും രുചിയും കാരണം ഇത് പ്രമേഹത്തിന് യോജിച്ചതല്ലെന്ന ചിന്ത ആളുകൾക്കിയിലുണ്ട്. എന്നാൽ പ്രമേഹ രോഗികൾക്കും അനുയോജ്യമായ ഭക്ഷണമാണ് ബീറ്റ്റൂട്ട്. ഇവയുടെ ഗ്ലൈസെമിക് സൂചിക വളരെ കുറവാണ്. കൂടാതെ ഇവയിൽ നൈട്രേറ്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദം നിയന്ത്രിച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, വിറ്റാമിൻ ബി6, എ, സി, നാരുകൾ, എന്നിവ ഇതിലുണ്ട്. പ്രമേഹം നിയന്ത്രിക്കാൻ ഇവ ഫലപ്രദമാണ്. കൂടാതെ ബീറ്റ്റൂട്ടിലടങ്ങിയ നാച്വറൽ ഷുഗർ ശരീരത്തിലെത്തുമ്പോൾ ഗ്ലൂക്കോസ് ആയി പെട്ടെന്ന് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടില്ല. ഇതു പ്രമേഹനിയന്ത്രണത്തിനു നല്ലതാണ്.
അതേസമയം ബീറ്റ്റൂട്ട് എങ്ങനെ കഴിക്കാം എന്ന് നോക്കാം…
ബീറ്റ്റൂട്ട് നാരുകളാൽ സമ്പുഷ്ടമായതിനാൽ അമിതമായി വേവിക്കരുത്. ഇങ്ങനെ ചെയ്യുന്നത് അതിലെ പോഷകങ്ങൾ നഷ്ടപ്പെടാൻ ഇടയാക്കും. പകരം ബീറ്റ്റൂട്ട് കഴുകി വൃത്തിയാക്കി തൊലി കളഞ്ഞശേഷം പച്ചയോടെ കഴിക്കുക. ഒരു കപ്പ് വേവിക്കാത്ത ബീറ്റ്റൂട്ടിൽ 13 ഗ്രാം കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്, അതിൽ 9.19 ഗ്രാം പഞ്ചസാര, 3.8 ഗ്രാം ഡയറ്ററി ഫൈബർ, 2.2 ഗ്രാം പ്രോട്ടീൻ എന്നിവ അടങ്ങിയിരിക്കുന്നു. പ്രമേഹമുള്ളവർക്ക് അരക്കപ്പ് മാത്രം മതി. മറ്റ് നാരുകളുള്ള പച്ചക്കറികൾക്കൊപ്പം ബീറ്റ്റൂട്ട് മിതമായ അളവിൽ കഴിക്കാവുന്നതാണ്.