‘പാര്‍ട്ടി പരിപാടികളില്‍ സജീവമാകണം…ഇ പിയെ അനുനയിപ്പിച്ച് പിണറായി വിജയന്‍..

ഉപതിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് വിട്ടുനിന്ന ഇ പി ജയരാജനെ അനുനയിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയും ഇ പി ജയരാജനും കൂടിക്കാഴ്ച നടത്തി. പാര്‍ട്ടി പരിപാടികളില്‍ സജീവമാകാന്‍ ഇ പിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കിയതിന് ശേഷം ഇടഞ്ഞുനില്‍ക്കുകയായിരുന്നു ഇ പി. പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ട് നിന്നാണ് ഇ പി തന്റെ പ്രതിഷേധം അറിയിച്ചത്. ഇത് തുടര്‍ന്നതോടെയാണ് ഇ പിയെ അനുനയിപ്പിക്കാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പിലെ പരാജയത്തെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ ഉണ്ടായിരുന്ന അധികാര സമവാക്യങ്ങളിലും മാറ്റമുണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് താന്‍ ദുര്‍ബലനാവുന്നുവോ എന്ന ആശങ്ക മുഖ്യമന്ത്രിക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ മറികടന്ന് വീണ്ടും ശക്തനാവുന്നതിന് വേണ്ടിയാണ് ഇ പി ജയരാജനെ വീണ്ടും സജീവമാക്കാന്‍ മുഖ്യമന്ത്രി തന്നെ ഇറങ്ങിയതെന്നാണ് വിവരം. കോഴിക്കോട് നിശ്ചയിച്ചിരുന്ന പരിപാടികളില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഇ പിയെ നേരിട്ട് കാണാന്‍ മുഖ്യമന്ത്രി തീരുമാനിക്കുകയായിരുന്നു. കോഴിക്കോടുണ്ടായിരുന്ന ഇ പി, മുഖ്യമന്ത്രിക്ക് വേണ്ടി തന്റെ മടക്കയാത്ര വൈകിട്ടത്തേയ്ക്ക് മാറ്റുകയും ചെയ്തു

Related Articles

Back to top button