മർദനത്തിൽ തലയോട്ടി പൊട്ടി തലച്ചോറിൽ നിന്ന് രക്തപ്രവാഹം…ബാറിന് മുന്നിൽ വച്ച് യുവാവിന് നേരെ ആക്രമണം…ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച്… ദൃശ്യങ്ങൾ പുറത്ത്..
young mans head smashed
കുന്നംകുളം പെരുമ്പിലാവ് കെആർ ബാറിന് മുന്നിൽ വെച്ച് യുവാവിനുനേരെ ആക്രമണം.ആക്രമണത്തിൽ യുവാവിന്‍റെ തല ഹോക്കി സ്റ്റിക്ക് ഉള്‍പ്പെടെ ഉപയോഗിച്ച് അടിച്ചു തകർത്തു. ബാറിലുണ്ടായിരുന്ന പ്രശ്നത്തിന് പിന്നാലെയാണ് പുറത്ത് റോഡിലിട്ട് ക്രൂരമായി മര്‍ദിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പെരുമ്പിലാവ് കരിക്കാട് ചോല സ്വദേശി ഷെക്കീറിനാണ് മർദനമേറ്റത്. ബാറിലെ സെക്യൂരിറ്റി ജീവനക്കാരൻ കമ്പി പോലുള്ള വടികൊണ്ടും ചിലര്‍ ഹോക്കി സ്റ്റിക്കുകൊണ്ടും യുവാവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.
ബാറിനുള്ളിൽ വെച്ച് പ്രശ്നമുണ്ടാക്കിയതിനെ തുടർന്ന് ബാറിലെ സെക്യൂരിറ്റി ജീവനക്കാർ ഉൾപ്പെടെയുള്ളവർ യുവാവിനെ പുറത്തേക്ക് കൊണ്ടുവരുകയായിരുന്നു. തുടര്‍ന്നാണ് ബാറിന് പുറത്തുവെച്ചും റോഡിൽ വെച്ചും യുവാവിനെ ആക്രമിച്ചത്. റോഡിലൂടെ വാഹനങ്ങള്‍ പോകുന്നതിനിടെ യുവാവിനെ പല തവണ ആക്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്. മർദനത്തിൽ യുവാവിന്‍റെ തലയോട്ടി പൊട്ടുകയും തലച്ചോറിൽ നിന്ന് രക്തപ്രവാഹം ഉണ്ടാകുകയും ചെയ്തു. പരിക്കേറ്റ യുവാവിനെ ആദ്യം പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ യുവാവിന്‍റെ മൊഴി രേഖപ്പെടുത്തിയശേഷം കേസെടുക്കുമെന്നാണ് പൊലീസ് പറയുന്നത്.