സംഘപരിവാറുമായി ചേര്‍ന്നുള്ള പ്രവര്‍ത്തനം…പെട്ടെന്ന് ആത്മീയ വഴിയിലേക്ക്…മന്ത്രവാദങ്ങളില്‍ സഹായിയായി പോയിരുന്നത് ശ്രീതു…
ബാലരാമപുരത്ത് രണ്ടര വയസ്സുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജോത്സ്യനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കരിക്കകത്ത് ആശ്രമം നടത്തി ജീവിക്കുന്ന ശംഖുമുഖം ദേവിദാസന് എന്ന പ്രദീപ് കുമാറിന്റെ വീട് ശംഖുമുഖത്ത് തന്നെയായിരുന്നു. ചാക്കയില്‍ നിന്നും ശംഖുമുഖം ദേവീക്ഷേത്രത്തിലേക്കുള്ള റോഡില്‍ കടപ്പുറം എത്തുന്നതിന് തൊട്ടുമുമ്പ് റോഡ് സൈഡിലായിരുന്നു ആ വീട്. എണ്‍പതുകളില്‍ എന്നും സംഘര്‍ഷമായിരുന്നു ഈ മേഖലയില്‍. അങ്ങനെ നിവര്‍ത്തിയില്ലാതെ ചെറുത്തു നിന്ന് മടുത്ത് വീടെല്ലാം വിറ്റ് കരിക്കകത്തേക്ക് മാറുകയായിരുന്നു പ്രദീപ് കുമാര്‍. കാഥികനായും പാരലല്‍ കോളേജ് അധ്യാപകനായും ജോലി നോക്കി. ഇടയ്ക്ക് മുട്ടക്കച്ചവടം. ഈ സമയത്തെല്ലാം സംഘപരിവാറുമായി ചേര്‍ന്നായിരുന്നു പ്രവര്‍ത്തനം. ശാഖയിലും പോകുമായിരുന്നു. പെട്ടെന്ന് ആത്മീയ വഴിയിലേക്ക് മാറി. ജ്യോതിഷനായി മാറുകയും ചെയ്തു. ഇതോടെ ആര് എസ് എസില്‍ നിന്നും അകലവും തുടങ്ങി. സംഘടനാ പ്രവര്‍ത്തനമെല്ലാം നിര്‍ത്തി മുഴുവന്‍ സമയ ജ്യോതിഷനുമായി. കവടി നിരത്തി ജ്യോതിഷം പറഞ്ഞ പ്രദീപ് കുമാര്‍ യുട്യൂബ് എത്തിയതോടെ ആഗോള പ്രശസ്തനായി. പല പ്രമുഖ ഹൈന്ദവ യുട്യൂബ് ചാനലുകളും ദേവീദാസന്റെ വീഡിയോ കൊടുത്തു. വിവാദമായതോടെ പലതും പിന്‍വലിക്കുകയും ചെയ്തു.
കുട്ടിയുടെ കൊലയില്‍ കുട്ടിയുടെ അമ്മ ശ്രീതുവിന് കൃത്യത്തില്‍ പങ്കുണ്ടോ എന്നതുള്‍പ്പടെയുള്ള കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ട്. അമ്മയെ നിലവില്‍ പോലീസ് പ്രതി ചേര്‍ത്തിട്ടില്ല. ശ്രീതുവിനെ നേരിട്ട് ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും നിലവില്‍ പോലീസിന്റെ കയ്യിലില്ല. ഇന്നത്തെ ചോദ്യം ചെയ്യലില്‍ കൂടുതല്‍ തെളിവുകള്‍ ലഭിക്കുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. കുട്ടിയുടെ മുത്തശ്ശിയില്‍ നിന്നും സഹോദരി പൂര്‍ണേന്ദുവില്‍നിന്നും പോലീസ് വിവരങ്ങള്‍ ശേഖരിക്കുകയാണ്. മൊഴി വൈരുധ്യങ്ങളുള്ളത് കൊണ്ട് തന്നെ ബന്ധുക്കളില്‍ ആര്‍ക്കൊക്കെ കൃത്യത്തില്‍ പങ്കുണ്ട് എന്ന കാര്യത്തില്‍ പോലീസിന് സ്ഥിരീകരണമില്ല. സഹോദരനുമായി ശ്രീതുവിന്റെ വാട്സ്ആപ്പ് ചാറ്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. ശ്രീതുവിന്റെ മൊഴികളിലെ വൈരുധ്യമാണ് പോലീസിനെ കുഴയ്ക്കുന്നത്. നിലവിവില്‍ മഹിളാകേന്ദ്രത്തിലുള്ള ശ്രീതുവിനെ കൂടുതല്‍ ചോദ്യം ചെയ്യാനും പോലീസ് നീക്കമുണ്ട്. അതേസമയം കൃത്യത്തില്‍ ശ്രീതുവിനും പങ്കുണ്ടെന്ന നിലപാടിലാണ് നാട്ടുകാര്‍. ഹരികുമാര്‍ കുറ്റം ഏറ്റെടുക്കുകയായിരുന്നുവെന്നും ശ്രീതു അറിയാതെ കുഞ്ഞിനെ എടുക്കാന്‍ ഹരികുമാറിന് സാധിക്കില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കൊല്ലപ്പെട്ട കുട്ടിയുടെ അമ്മ ശ്രീതുവിന്റെ ഗുരുവായ ശംഖുമുഖം ദേവീദാസനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്. തന്നെ സാമ്പത്തികമായി പറ്റിച്ചെന്ന ശ്രീതുവിന്റെ മൊഴിയിലാണ് മന്ത്രിവാദിയെ കസ്റ്റഡിയിലെടുത്തത്. ആദ്യം പ്രദീപ് കുമാറെന്ന അധ്യാപകനായിരുന്നു ശംഖുമുഖം ദേവീദാസന്. പിന്നീട് കാഥികന് എസ്പി കുമാറായി മാറിയ ഇയാള്‍ അതിന് ശേഷം ദേവീദേവസനെന്ന മന്ത്രവാദിയായി മാറുകയായിരുന്നു. ഇയാളുടെ കൂടെ മന്ത്രവാദങ്ങളില്‍ സഹായിയായി ശ്രീതു പോയിരുന്നു. ശ്രീതുവിനെതിരെ ഭര്‍ത്താവും ഭര്‍തൃപിതാവും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരണത്തില്‍ ശ്രീതുവിന്റെ പങ്ക് പരിശോധിക്കണമെന്ന് ഇരുവരും ആവശ്യപ്പെട്ടു. തന്നെ ശ്രീതു അനുസരിക്കാറില്ലെന്ന് ശ്രീജിത്ത് പൊലീസിന് നല്കിയ മൊഴിയില്‍ പറഞ്ഞിട്ടുണ്ട്. ശ്രീതു തുടര്‍ച്ചയായി കള്ളം പറഞ്ഞിരുന്നതായി അയല്‍വാസികളായ ഷീബ റാണിയും ഷീജയും മൊഴി നല്‍കിയിട്ടുണ്ട്. ഇളയകുട്ടിക്ക് സുഖമില്ലെന്നും അപകടം പറ്റിയെന്നുമൊക്കെ ശ്രീതു കള്ളം പറഞ്ഞതായാണ് ഇവര്‍ ആരോപിക്കുന്നത്. കള്ളം പറയുന്നത് ചോദ്യം ചെയ്യുമ്പോള്‍ ശ്രീതു കരയാറുണ്ടെന്നും ഹരികുമാര്‍ ഒറ്റയ്ക്ക് കൃത്യം ചെയ്യില്ലെന്നും അയല്‍വാസികള്‍ വിശദീകരിക്കുന്നു. ഇതെല്ലാം പോലീസ് പരിശോധിക്കുന്നുണ്ട്. ഈ കള്ളം പറച്ചിലിന് പിന്നില്‍ ജ്യോതിഷ ഇടപെടലുണ്ടോ എന്നാണ് പോലീസ് പരിശോധിക്കുന്നത്.
മുന്‍പ് ശ്രീതു തല മുണ്ഡനം ചെയ്തിരുന്നു. ഇത് എന്തെങ്കിലും വിശ്വാസത്തിന്റെ ഭാഗമായിരുന്നോ എന്നതും അന്വേഷിക്കും. ഹരികുമാര്‍ ക്ഷേത്രത്തിലെ പൂജാരിയായിരുന്നുവെന്നും പൂണൂല് ധരിച്ച് നടക്കുന്നത് കണ്ടിട്ടുണ്ടെന്നും അയല്‍വാസികള്‍ പറയുന്നു. നിലവില്‍ കേസിലെ പല കാര്യങ്ങളിലും വ്യക്തതകള്‍ വരാനുണ്ട്. അമ്മയോട് വൈരാഗ്യം തോന്നിയാണ് കുഞ്ഞിനെ കിണറ്റിലെറിഞ്ഞതെങ്കില്‍, ആ വൈരാഗ്യം എന്തിന്റെ പേരില്‍ എന്നതാണ് ഉയരുന്ന ചോദ്യം.