‘ഞാൻ ആരുടേയും ആത്മീയ ഗുരുവല്ല… വെറുമൊരു ജോത്സ്യൻ മാത്രം…പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല…’
താൻ ആരുടേയും ആത്മീയ ഗുരുവല്ലെന്ന് ബാലരാമപുരത്തെ രണ്ടര വയസുകാരിയുടെ കൊലപാതകത്തിൽ പൊലീസ് ചോദ്യം ചെയ്ത ജോത്സ്യൻ ദേവീദാസൻ. ‘ഞാൻ ആരുടേയും ആത്മീയ ഗുരുവല്ല. അങ്ങനെ നിങ്ങൾ കണക്കാക്കരുത്. ഞാൻ വെറുമൊരു ജോത്സ്യൻ മാത്രം’, ചോദ്യം ചെയ്യലിന് ശേഷം ദേവീദാസൻ മാധ്യമങ്ങളോട് പറഞ്ഞു.
ഒരു പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് എന്നെ വിളിച്ചു വരുത്തിയത്. തന്നെ പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ല. ചോദിച്ച ചോദ്യങ്ങൾക്കെല്ലാം താൻ മറുപടി കൊടുത്തിട്ടുണ്ടെന്നും ദേവീദാസൻ പറഞ്ഞു. നൂറ് ശതമാനവും തെറ്റായ ആരോപണങ്ങളാണ് തനിക്കെതിരെ ഉയരുന്നത്. തനിക്കെതിരെ നൽകിയത് കളള പരാതിയാണ്, അതിൽ സത്യമില്ല. നിയമനടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും ദേവീദാസൻ പറഞ്ഞു.
ശ്രീതുവിന്റെ കുടുംബവുമായി ബന്ധമില്ലെന്നും കൊവിഡിന് മുൻപ് ഹരികുമാർ ജ്യോതിഷാലയത്തിൽ ജോലി ചെയ്തിരുന്നുവെന്നും ദേവീദാസൻ വ്യക്തമാക്കി. അവരുടെ കുടുംബവുമായി യാതൊരു ബന്ധവുമില്ല. അന്ധവിശ്വാസം എന്നൊക്കെ നിങ്ങൾ പറഞ്ഞുണ്ടാക്കുന്നതല്ലേ എന്നും ദേവീദാസൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊല്ലപ്പെട്ട ദേവേന്ദുവിന്റെ അമ്മ ശ്രീതുവിന്റെ ആത്മീയഗുരുവാണ് ദേവാദാസൻ എന്ന വിവരമുണ്ടായിരുന്നു. മരിച്ച കുട്ടിയുടെ അമ്മയുടെ മൊഴി അനുസരിച്ചാണ് ദേവീദാസനെ ചോദ്യം ചെയ്തത്. ദേവേന്ദു കൊലപാതകത്തില്‍ ആഭിചാരക്രിയയുടെ സാധ്യതയുണ്ടോയെന്ന് സ്ഥിരീകരിക്കാനാണ് ചോദ്യം ചെയ്യല്‍.