പൊലീസ് നോക്കിനിൽക്കെ മർദ്ദിച്ചു.. ബലാത്സം​ഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.. കന്യാസ്ത്രീകൾ നിരപരാധികളെന്നും ഒപ്പമുണ്ടായിരുന്ന പെൺകുട്ടികൾ..

ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ​ഗുരുതര ആരോപണവുമായി ഛത്തീസ്ഗഢിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ. ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ്മയുടെ നേതൃത്വത്തിലുള്ള സംഘം തങ്ങളെ മുറിയിൽ പൂട്ടിയിട്ട് മർദ്ദിച്ചെന്ന് പെൺകുട്ടികൾ വെളിപ്പെടുത്തി. തങ്ങളെ ബലാത്സം​ഗം ചെയ്യുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും പെൺകുട്ടികൾ പറഞ്ഞു. പൊലീസ് നോക്കിനിൽക്കെയായിരുന്നു ഈ അതിക്രമങ്ങളെന്നും ഇവർ വ്യക്തമാക്കി.

അതേസമയം, മലയാളി കന്യാസ്ത്രീകൾ നിരപരാധികളാണെന്നും പെൺകുട്ടികൾ പറയുന്നു. മതപരിവർത്തനം ഉണ്ടായിട്ടില്ലെന്നും പെൺകുട്ടികൾ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരവും മാതാപിതാക്കളുടെ സമ്മതത്തോടെയുമാണ് കന്യാസ്ത്രീകൾക്കൊപ്പം പോയതെന്നും അവർ വെളിപ്പെടുത്തി. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു മാധ്യമങ്ങളോട് പെൺകുട്ടികൾ ഇക്കാര്യം വെളിപ്പെടുത്തിയത്.

‘സ്വന്തം ഇഷ്ടപ്രകാരം, മാതാപിതാക്കളുടെ സമ്മതത്തോടെയാണ് കന്യാസ്ത്രീകൾക്കൊപ്പം പോയത്. പാചക ജോലിക്കാണെന്ന് പറഞ്ഞിരുന്നു. മതപരിവർത്തനമോ മനുഷ്യക്കടത്തോ ഉണ്ടായിട്ടില്ല’- പെൺകുട്ടികൾ പറഞ്ഞു. ജ്യോതി ശർമയെ ജയിലിൽ അടക്കണമെന്നും പരാതിയുമായി മുന്നോട്ട് പോകുമെന്നും പെൺകുട്ടികൾ പറഞ്ഞു.

അതേസമയം, ജാമ്യത്തിൽ പുറത്തിറങ്ങിയ കന്യാസ്ത്രീകളെ കനത്ത സുരക്ഷയിൽ ഡൽഹിയിലെ മഠത്തിലെത്തിച്ചു. ഇന്നലെ നാരായൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി സ്വീകരിക്കാത്ത സാഹചര്യത്തിൽ ബജ്‌റങ് ദൾ നേതാവ് ജ്യോതി ശർമ അടക്കമുള്ള നേതാക്കൾക്കെതിരെ കന്യാസ്ത്രീകൾക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടികൾ ഓൺലൈനായി ദുർഗ പൊലീസ് സ്റ്റേഷനിൽ പരാതി നൽകും.

കന്യാസ്ത്രീകളായ സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി, സുഖ്മാൻ മാണ്ഡവിക്കും എന്നിവർക്കാണ് ഇന്നലെ ജാമ്യം ലഭിച്ചത്. മൂന്ന് പേരും 50,000 രൂപ വീതം ബോണ്ട് കെട്ടിവെക്കുകയും പാസ്പോർട്ടുകൾ കോടതിയിൽ സമർപ്പിക്കുകയും വേണം. ഇന്ത്യ വിട്ടുപോകരുതെന്നും എൻ.ഐ.എ കോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Back to top button