അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവം.. ബെയ്‌ലിൻ ദാസിനെ 7വരെ റിമാൻഡ് ചെയ്തു…

ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രതിയായ അഭിഭാഷകൻ ബെയ്‌ലിനെ സെഷൻസ് കോടതി 27വരെ റിമാൻഡ് ചെയ്തു. തൊഴിലിടത്ത് നടന്ന അതിക്രമത്തെ ഗൗരവമായി കാണണമെന്നും ജാമ്യം നൽകരുതെന്നുമുള്ള പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് കോടതി ബെയ്‌ലിൻ ദാസിനെ റിമാൻഡ് ചെയ്തത്. അതേസമയം, ശ്യാമിലിയുടെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായതിനെ തുടർന്ന് പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് മർദിച്ചതെന്നും കരുതിക്കൂട്ടി ചെയ്തതല്ലെന്നുമാണ് പ്രതിഭാഗം വാദിച്ചത്. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അഡ്വ. ബെയ്‌ലിൻ ദാസിനു ജാമ്യം ലഭിച്ചാൽ സാക്ഷികളെ തീർച്ചയായും സ്വാധീനിക്കുമെന്നു മർദനമേറ്റ ജൂനിയർ അഭിഭാഷക ശ്യാമിലി നേരത്തെ പറഞ്ഞിരുന്നു. ഓഫിസിൽ ഉണ്ടായിരുന്ന എത്ര പേർ തനിക്ക് അനുകൂലമായി സാക്ഷി പറയും എന്നറിയില്ലെന്നും ശ്യാമിലി പറഞ്ഞിരുന്നു. വിഷയത്തിൽ രാഷ്ട്രീയം കലർത്തേണ്ട കാര്യമില്ല, എല്ലാ വിഭാഗവും പിന്തുണ നൽകിയിട്ടുണ്ട്. കോടതി എന്തു തീരുമാനമെടുത്താലും തൃപ്തയായിരിക്കും. ജുഡീഷ്യറിയിൽ വിശ്വാസമുണ്ട്. നീതി ഇപ്പോൾത്തന്നെ കിട്ടിക്കഴിഞ്ഞു. പരാതിയിൽ പറഞ്ഞ കാര്യങ്ങൾ സത്യസന്ധമാണ്. ഇപ്പോഴും അതിൽ ഉറച്ചുനിൽക്കുന്നുവെന്നും ശ്യാമിലി പറഞ്ഞു.

ഇന്നലെ രാത്രി പിടിയിലായ പ്രതി ബെയ്‌ലിൻ ദാസിനെ ഇന്നു മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം നിഷേധിച്ചത്. ശ്യാമിലിയാണ് തന്നെ ആദ്യം ആക്രമിച്ചത് എന്നാണ് ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന ജാമ്യമില്ലാ വകുപ്പ് ഉൾപ്പെടെ അഞ്ചു വകുപ്പുകളാണ് ബെയ്‌ലിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.

Related Articles

Back to top button