ബാഗിന്‍റെ വള്ളി വാതിലിൽ കുടുങ്ങി.. ബസിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് വീണു.. വിദ്യാർത്ഥിനിക്ക്…
ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന്‍റെ വാതിൽ തുറന്ന് പുറത്തേക്ക് വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. കൊല്ലം സ്വദേശിയും പാപ്പനംകോട് ശ്രീചിത്ര എഞ്ചിനീയറിങ് കോളേജിലെ എം.ടെക് വിദ്യാർത്ഥിനിയുമായ മറിയ (22) ത്തിനാണ് പരിക്കേറ്റത്.പാച്ചല്ലൂർ അഞ്ചാംകല്ല് പുത്തൻവീട്ടിലെ ബന്ധു വീട്ടിൽ നിന്നും കോളേജിലേക്ക് പോകുന്നതിനായി പാറവിളയ്ക്ക് സമീപമുള്ള അഞ്ചാം കല്ല് ബസ് സ്റ്റോപ്പിൽ നിന്നുമാണ് മറിയ ബസിൽ കയറിയത്. എന്നാൽ പൂവാർ ഭാഗത്ത് നിന്നും നഗരത്തിലേക്ക് വന്ന ബസിൽ നല്ല തിരക്കായിരുന്നു. ബസ് 20 മീറ്റർ മുന്നോട്ട് നീങ്ങിയതും മറിയ ബാലൻസ് കിട്ടാതെ ഡോർ തുറന്ന് പുറത്തേക്കു വീഴുകയായിരുന്നു.
ബാഗിന്‍റെ വള്ളി വാതിലിന്‍റെ ലോക്കിൽ കുടുങ്ങിയതാണ് വാതിൽ തുറക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വീഴ്ചയിൽ തലക്ക് ഗുരുതര പരിക്കേൽക്കുകയും മറിയത്തിനെ ഉടൻ അമ്പലത്തറ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ചാക്കയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തലയ്ക്കുള്ളിൽ രക്തസ്രാവം കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ ചികിത്സ നൽകി. അമ്മയുടെ സ്വദേശമായ പാച്ചല്ലൂരിൽ നിന്നും കോളേജിൽ പോകുന്നതിനുള്ള സൗകര്യത്തിന് വേണ്ടിയാണ് മറിയ പാറവിളയ്ക്ക് സമീപമുള്ള ബന്ധുവിന്‍റെ വീട്ടിൽ താമസിക്കുന്നത്.