മാപ്പ് തന്റെ ഔദാര്യം.. പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം കണ്ണീര് കണ്ടെന്ന് ബി ഗോപാലകൃഷ്ണൻ….
സിപിഎം നേതാവ് പി കെ ശ്രീമതിയോടുള്ള ഖേദപ്രകടനം തന്‍റെ ഔദാര്യമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ. ഖേദപ്രകടനം പി കെ ശ്രീമതിയുമായുള്ള ഒത്തുതീർപ്പ് ചർച്ചയുടെ ഭാഗമായിരുന്നു. ചർച്ചയിൽ ശ്രീമതി കരഞ്ഞപ്പോഴാണ് ഖേദപ്രകടനത്തിന് തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീയുടെ കണ്ണീരിന് രാഷ്ട്രീയത്തെക്കാൾ വില ഉള്ളത് കൊണ്ടായിരുന്നു ഖേദ പ്രകടനമെന്നും ഗോപാലകൃഷ്ണൻ പ്രതികരിച്ചു. ഫേസ്ബുക്കില്‍ കുറിപ്പിലുടെയായിരുന്നു ഗോപാലകൃഷ്ണന്‍റെ പ്രതികരണം.മാധ്യമങ്ങളെയും അറിയിക്കണമെന്ന് പറഞ്ഞത് അവരാണ്. ഇതൊന്നുമറിയാതെയാണ് സൈബര്‍ ആക്രമണമെന്നും ഗോപാലകൃഷ്ണന് ഫെയ്സ്ബുക്കില്‍ വീശദീകരിച്ചു.
ബി ഗോപാലകൃഷ്ണനെതിരെ പി കെ ശ്രീമതി നൽകിയ മാനനഷ്‌ട കേസ് ഇന്നലെയാണ് ഒത്തുതീർപ്പായത്. ഹൈക്കോടതിയിൽ നടന്ന മീഡിയേഷനിലായിരുന്നു തീരുമാനം. ചാനൽ ചർച്ചയിൽ നടത്തിയ അധിക്ഷേപവുമായി ബന്ധപ്പെട്ട് ഗോപാലകൃഷ്ണൻ കോടതിയിൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്. പി കെ ശ്രീമതിയുടെ മകനെതിരെ അന്തരിച്ച കോൺഗ്രസ് നേതാവ് പിടി തോമസ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് താൻ ആക്ഷേപം ഉന്നയിച്ചതെന്ന് ബി ഗോപാലകൃഷ്ണൻ കോടതിയിൽ പറഞ്ഞു. പികെ ശ്രീമതിക്കുണ്ടായ മാനസിക വ്യഥയിൽ ഖേദം ഉണ്ടെന്നും ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു.