കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണന് സീറ്റില്ല….സ്ഥാനാർത്ഥി…

കൊടുങ്ങല്ലൂർ മണ്ഡലത്തിൽ ബിജെപി ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണന് സീറ്റില്ല. ട്വന്‍റി20 ആയിരിക്കും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുക. ഗോപാലകൃഷ്ണന് വേറെ ഏതെങ്കിലും മണ്ഡലത്തിൽ സീറ്റ് ഉണ്ടാകുമോ എന്നതിലും തീരുമാനം ആയിട്ടില്ല. ഡോ. വര്‍ഗീസ് ജോര്‍ജാണ് കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ ട്വന്‍റി20 സ്ഥാനാര്‍ത്ഥി. പിഎച്ച്ഡി ബിരുദമുള്ള എഞ്ചിനിയറിംഗ് മേഖലയിലും മാനേജ്‌മെന്‍റ് മേഖലയിലും സ്വദേശത്തും വിദേശത്തും വര്‍ഷങ്ങളുടെ പ്രവൃത്തിപരിചയമുള്ള ഡോ. വര്‍ഗീസ് ജോര്‍ജ്, ട്വന്റി20 പാര്‍ട്ടിയുടെ കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലം പ്രസിഡന്‍റ് കൂടിയാണ്.
കൊടുങ്ങല്ലൂർ സീറ്റ് വേണമെന്ന് ട്വന്റി ട്വന്റിയും ബിഡിജെഎസും ആവശ്യപ്പെട്ടതോടെയാണ് എൻഡിഎയിൽ തർക്കം ഉടലെടുത്തത്. ഇതോടെ സംസ്ഥാന നേതൃത്വം ത്രിശങ്കുവിലായി. കൊടുങ്ങല്ലൂരിൽ ബി ഗോപാലകൃഷ്ണൻ സ്ഥാനാർഥിത്വം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബി ഗോപാലകൃഷ്ണനായി ചുവരെഴുത്ത് പ്രചാരണവും തുടങ്ങിയിരുന്നു. ഇതിനിടയിലാണ് സീറ്റിനായി ഘടകകക്ഷികൾ രംഗത്തെത്തിയത്. തർക്കം വന്നതോടെ ഗോപാലകൃഷ്ണനായി തുടങ്ങിയ ചുവരെഴുത്തുകൾ പ്രവർത്തകർ നിർത്തിവച്ചു.



