അയ്യപ്പസംഗമം; വീഴ്ച സമ്മതിച്ച് ദേവസ്വം ബോര്‍ഡ്, പിഴവുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍

ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട ഓഡിറ്റ് റിപ്പോര്‍ട്ടിലെ പിഴവുകള്‍ തിരുത്തി പുതിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍. ഓഡിറ്റ് റിപ്പോര്‍ട്ട് അന്തിമമല്ലെന്നും റിപ്പോര്‍ട്ടില്‍ കൂടുതല്‍ കൃത്യത വരാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ടിലെ പല പരാമര്‍ശങ്ങള്‍ക്കും കാരണം ഓഡിറ്ററുടെ പിഴവല്ലെന്നും, ബോര്‍ഡിന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയാണെന്നും ദേവസ്വം ബോര്‍ഡ് സമ്മതിച്ചു.
‘ഓഡിറ്ററുമായി കൃത്യമായ ആശയവിനിമയം നടന്നില്ല. പത്ത് ദിവസത്തിനകം വ്യക്തത വരുത്തി ഓഡിറ്ററെ അറിയിക്കും. ഓഡിറ്ററുടെ കുറ്റമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷെ വസ്തുതാപരമായ പിശകുകള്‍ ഉണ്ടായിട്ടുണ്ട്. ബില്ലുകള്‍ ഫിസിക്കലായി വെരിഫൈ ചെയ്യുന്നതിലും അസറ്റ് രജിസ്റ്ററില്‍ വിവരങ്ങള്‍ രേഖപ്പെടുത്തി വാലിഡേറ്റ് ചെയ്യുന്നതിലും ഉണ്ടായ കാലതാമസമാണ് റിപ്പോര്‍ട്ടില്‍ തെറ്റായ വിവരങ്ങള്‍ കടന്നുകൂടാന്‍ കാരണമായത്’, ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. പരിപാടിയില്‍ പങ്കെടുക്കാത്ത നന്ദഗോവിന്ദം ഭജന്‍സിന് ലക്ഷക്കണക്കിന് രൂപ നല്‍കിയതായുള്ള കണക്കുകള്‍ തെറ്റായ രേഖകകളുടെ അടിസ്ഥാനത്തില്‍ വന്നതാണ്. ലഭ്യമായ മെറ്റീരിയലുകള്‍ വെച്ച് ഓഡിറ്റര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ ഇത്തരം അപാകതകള്‍ ടാസ്ക് ഫോഴ്സ് വിശദമായി പഠിക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
മുന്‍ ബോര്‍ഡ് തീരുമാനപ്രകാരം അയ്യപ്പസംഗമത്തിന്റെ ചെലവ് 4.99 കോടി രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്. ഇതിനായി ബോര്‍ഡ് നേരത്തെ അഡ്വാന്‍സ് നല്കിയ മൂന്ന് കോടി രൂപ ഇപ്പോള്‍ തിരികെ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയിട്ടുണ്ട്. സ്പോണ്‍സര്‍ഷിപ്പിലൂടെ തുക കണ്ടെത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്. എന്നാലിത് പൂര്‍ണ്ണമായും വിജയിച്ചിട്ടില്ലെന്നും ജയകുമാര്‍ പറഞ്ഞു. പ്രതീക്ഷിച്ച സ്പോണ്‍സര്‍ഷിപ്പ് തുക പൂര്‍ണ്ണമായും ലഭിക്കാത്തത് ബോര്‍ഡിന് വെല്ലുവിളിയാണ്. അദാനി ഗ്രൂപ്പ് നല്‍കുമെന്ന് പറഞ്ഞ ഒരു കോടി രൂപ ഉള്‍പ്പെടെ ഏകദേശം 3.85 കോടി രൂപ മാത്രമാണ് നിലവില്‍ സ്പോണ്‍സര്‍ഷിപ്പിലൂടെ ലഭിക്കുക. സ്പോണ്‍സര്‍ഷിപ്പ് നല്‍കാമെന്ന് ഏറ്റ പലരും പിന്നീട് വേണ്ടത്ര പ്രതികരിക്കാത്തത് തിരിച്ചടിയായെന്നും ജയകുമാര്‍ പറഞ്ഞു.




