‘പട്ടാപ്പകൽ ഓട്ടോ യാത്രക്കിടെ നടുക്കുന്ന സംഭവം, കണ്ടുനിന്ന ആരും സഹായിച്ചില്ല’.. അനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി…
പട്ടാപ്പകൽ തനിക്കുണ്ടായ പേടിപ്പെടുത്തുന്ന അനുഭവം പങ്കുവച്ച് വിദ്യാർത്ഥിനി പറഞ്ഞത് ചെന്നൈ നഗരം സുരക്ഷിതമല്ലെന്നാണ്. ഓട്ടോ കൂലിയെ ചൊല്ലിയാണ് തർക്കം തുടങ്ങിയതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. മര്യാദയ്ക്ക് സംസാരിക്കണമെന്ന് ഓട്ടോ ഡ്രൈവർ പറയുന്നിടത്താണ് വീഡിയോ തുടങ്ങുന്നത്. തന്നോട് അലറരുത് എന്ന് വിദ്യാർത്ഥിനി മറുപടി നൽകി.
“ഞാൻ ഇറങ്ങിയാൽ നിന്‍റെ സ്വകാര്യ ഭാഗം കീറിമുറിക്കും. നീ ആരെയാണ് ശകാരിക്കുന്നത്?” എന്ന് ഡ്രൈവർ തമിഴിൽ മറുപടി നൽകി.
“എനിക്ക് എന്‍റെ പണം വേണം, 163 രൂപ തരണം” എന്നും ഡ്രൈവർ പറഞ്ഞു. വിദ്യാർത്ഥിനി 200 രൂപ നൽകി ബാക്കി നൽകാൻ ആവശ്യപ്പെട്ടു.
“എനിക്ക് 163 രൂപ മാത്രം മതി. എന്റെ കയ്യിൽ ചില്ലറയില്ല” എന്ന് ഡ്രൈവർ മറുപടി നൽകിയപ്പോൾ, വിദ്യാർത്ഥിനി അയാൾക്ക് നേരെ പണം എറിഞ്ഞു. കോപാകുലനായി ഓട്ടോ ഡ്രൈവർ ഓട്ടോയിൽ നിന്ന് ഇറങ്ങി വിദ്യാർത്ഥിനിക്ക് നേരെ തുപ്പി. പിന്നാലെ സ്ത്രീയും സുഹൃത്തും നടക്കാൻ തുടങ്ങി. അപ്പോഴും ഓട്ടോ ഡ്രൈവർ ആക്രോശം തുടർന്നു. ചെന്നൈ പൊലീസിനെയും മേയറെയും മുഖ്യമന്ത്രി സ്റ്റാലിനെയും ടാഗ് ചെയ്ത് നടപടി വേണമെന്ന് വിദ്യാർത്ഥിനി ആവശ്യപ്പെട്ടു.
വിദ്യാർത്ഥിനി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ…
ഇവിടെ വരുന്നതിനു മുൻപ് ചെന്നൈ സ്ത്രീകൾക്ക് സുരക്ഷിതമാണെന്ന് ഞാൻ കേട്ടിരുന്നു. എന്നാൽ ഇന്ന് എനിക്ക് തോന്നുന്നു, ചെന്നൈ സ്ത്രീകൾക്ക് സുരക്ഷിതമായ ഇടമല്ലെന്ന്. ഞാനതിന്‍റെ ജീവിക്കുന്ന തെളിവാണ്
വിദേശ വിദ്യാർത്ഥിനിയായിട്ടാണ് ഞാൻ ഇന്ത്യയിലെത്തിയത്. പഠിക്കാനും പുതിയ സംസ്കാരം അറിയാനും ക്ഷണിക്കപ്പെട്ടാണ് ഞാനിവിടെ വന്നത്. റോഡിൽ ആക്രമിക്കപ്പെടാനോ ജീവൻ അപായത്തിലാക്കാനോ വന്നതല്ല.
ഇന്ന് രാവിലെ, തിരുവാണ്മിയൂർ ബീച്ചിനടുത്ത സ്ഥലം. പ്രഭാത നടത്തക്കാരുണ്ടായിരുന്നു. ഞങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് നമ്പർ പ്ലേറ്റ് ഇല്ലാത്ത ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവർ എന്നെ ഭീഷണിപ്പെടുത്തി. ആരും സഹായിക്കാൻ വന്നില്ല. ഒരാൾ പോലും വന്നില്ല. പ്രഭാത സവാരിക്കാർ ഒന്നും സംഭവിക്കാത്തതുപോലെ ഞങ്ങളെ കടന്നുപോയി.
സ്ത്രീ അപകടത്തിലായപ്പോൾ കണ്ണടയ്ക്കുന്ന ഇടം. നമ്പർ പ്ലേറ്റില്ലാത്ത ഓട്ടോകൾക്ക് സ്വതന്ത്രമായി ഓടാൻ അനുവദിക്കുന്നത് ഏതുതരം നഗരമാണ്? ഇവിടെ ക്ഷണം സ്വീകരിച്ച് എത്തിയ ഒരാൾക്ക് ഇങ്ങനെ സംഭവിക്കുന്നത് ഏത് തരത്തിലുള്ള സംവിധാനമാണ്?
ഞാൻ പരിഭ്രാന്തയാണ്. പക്ഷേ എല്ലാത്തിനുമുപരി ഈ നിശബ്ദതയിൽ ഞാൻ രോഷാകുലയാണ്. ഡ്രൈവർക്ക് എതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. മറ്റ് സ്ത്രീകൾ ഇനി ഉപദ്രവിക്കപ്പെടരുത്.