നിയന്ത്രണം വിട്ട ഓട്ടോറിക്ഷ മരത്തിലിടിച്ച് മറിഞ്ഞ് ഡ്രൈവർ കിണറ്റിൽ വീണു…
എറണാകുളം പട്ടിമറ്റത്തിന് അടുത്ത് ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് ഡ്രൈവർ കിണറ്റിൽ വീണു. ഓട്ടോ ഡ്രൈവർ ആദിത്യനെ ഫയർഫോഴ്സെത്തി രക്ഷിച്ചു. ഇന്ന് വൈകുന്നേരം 3.15ഓടെയാണ് അപകടം നടന്നത്. പട്ടിമറ്റത്ത് നിന്ന് കുമ്മനോട്ടേക്ക് പോകുകയായിരുന്നു ഓട്ടോറിക്ഷ. നിയന്ത്രണം വിട്ട് ഒരു മരത്തിലിടിച്ച് മറിഞ്ഞു. 23 കാരനായ ആദിത്യനാണ് കിണറ്റിലേക്ക് വീണത്. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ഒരു ഏണി കിണറ്റിലേക്ക് ഇറക്കി നൽകി. അതിൽപിടിച്ച് ആദിത്യൻ നിന്നു. പിന്നീട് പട്ടിമറ്റത്ത് നിന്ന് ഫയർഫോഴ്സ് സംഘമെത്തിയാണ് ആദിത്യനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. വെള്ളത്തിലേക്ക് വീണ പേഴ്സ് ഉൾപ്പെടെയുള്ള വസ്തുക്കൾ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിൽ നിന്നും എടുത്തു കൊടുത്തു. അപകടത്തിൽ ആദിത്യന് കാര്യമായ പരിക്കുകളൊന്നും തന്നെയില്ല.