ട്യൂഷന്‍ ഫീസ് നല്‍കിയില്ല..വിദ്യാര്‍ത്ഥിയുടെ ടി സി തടഞ്ഞുവച്ച് അധികൃതര്‍…

ട്യൂഷന്‍ ഫീസ് നല്‍കിയില്ലെന്നാരോപിച്ച് പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിയുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് തടഞ്ഞുവച്ച് അധികൃതര്‍.തിരുവനന്തപുരം മുക്കോലയ്ക്കല്‍ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കാണ് ദൂരനുഭവം ഉണ്ടായത്.സംഭവം വിവാദമായതോടെ പ്രശ്‌നത്തില്‍ ബാലാവകാശ കമ്മീഷന്‍ ഇടപെട്ടു.

വിദ്യാര്‍ത്ഥിക്ക് അടിയന്തരമായി ടി സി നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഫീസ് നല്‍കാത്തതിനാല്‍ ടിസി തടയുന്നത് വിദ്യാഭ്യാസ അവകാശലംഘനമാണെന്നും സ്‌കൂളിന്‌റെ നടപടി വിദ്യാര്‍ത്ഥിയെ മാനസികമായി പീഡിപ്പിക്കുന്നതെന്നും ബാലാവകാശ കമ്മീഷന്‍ വ്യക്തമാക്കി. ഒന്ന് മുതല്‍ പത്തുവരെ മുക്കോലയ്ക്കല്‍ സെന്റ് തോമസ് എച്ച്.എസ്.എസില്‍ പഠനം പൂര്‍ത്തിയാക്കിയ കുട്ടിയ്ക്കാണ് ഇതോടെ അടിയന്തരമായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവായത്.

സ്‌കൂള്‍ പ്രിന്‍സിപ്പലും സെക്രട്ടറിയും കമ്മീഷന്റെ ഉത്തരവ് ഉടന്‍ നടപ്പിലാക്കേണ്ടതാണെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു. ബാലാവകാശ കമ്മീഷന്‍ ചട്ടങ്ങളിലെ ചട്ടം 45 പ്രകാരം ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സ്വീകരിച്ച നടപടി റിപ്പോര്‍ട്ട് മൂന്ന് ദിവസത്തിനകം ലഭ്യമാക്കാനും കമ്മിഷന്‍ അംഗം എന്‍. സുനന്ദ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു.

Related Articles

Back to top button