അനന്തപുരി യാഗശാലയായി…. ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിച്ച് ഭക്തജനങ്ങൾ…
ഇത്തവണത്തെ ആറ്റുകാൽ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര ശ്രീകോവിലിൽ നിന്നുള്ള ഭദ്രദീപം ഭണ്ഡാര അടുപ്പിലേക്ക് പകർന്നതോടെ ഈ വർഷത്തെ പൊങ്കാലയ്ക്ക് തുടക്കം ആയിരിക്കുകയാണ്. തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി മുരളീധരൻ നമ്പൂതിരിയാണ് ഭദ്രദീപം അടുപ്പിലേക്ക് പകർന്നത്.
ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. നഗരത്തിൽ രാത്രി എട്ടുമണിവരെ ഗതാഗത നിയന്ത്രണം തുടരും. പഴുതടച്ച സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി 3811 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. 847 കാമറകൾ നഗരമൊട്ടാകെ 24 മണിക്കൂർ നിരീക്ഷണം നടത്തുന്നുണ്ട്. ഡ്രോണുകൾ ഉപയോഗിച്ചും പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. മോഷണം തടയുന്നതിനായി ക്ഷേത്ര പരിസരത്ത് ഷാഡോ പോലീസിൻ്റെ നിരീക്ഷണത്തിലാകും. 24 മണിക്കൂർ പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. കൺട്രോൾ റൂം: 0471 2778942. അടിയന്തര സഹായത്തിന് 112 എന്ന നമ്പരിലും ഭക്തജനങ്ങൾക്ക് വിളിക്കാം.