ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക്

ആറ്റുകാൽ പൊങ്കാലയുടെ ആത്മീയ ആവേശത്തിന് പിന്നാലെ തലസ്ഥാനം വീണ്ടും വൃത്തിയുടെ താളത്തിലേക്ക്. ഭക്തർ മടങ്ങിയതോടെ നഗരത്തെ പഴയപടിയാക്കാൻ വൻ ശുചീകരണ പ്രവർത്തനങ്ങളുമായി നഗരസഭ രംഗത്ത്. പൊങ്കാല നിവേദനം കഴിഞ്ഞതോടെ ഉടൻ നഗരസഭ ശുചീകരണം ആരംഭിച്ചു. ഭക്തർ ഉപേക്ഷിച്ച ചുടുകട്ടകളും മറ്റ് മാലിന്യങ്ങളും ശേഖരിച്ച് മണിക്കൂറുകൾക്കുള്ളിൽ നഗരത്തെ വൃത്തിയാക്കുകയാണ് ലക്ഷ്യം.

ശേഖരിക്കുന്ന ചുടുകട്ടകൾ ഉപയോഗിച്ച് ദരിദ്രർക്കായി വീടുകൾ നിർമ്മിച്ചു നൽകുന്ന മാതൃകാപരമായ പദ്ധതിയും നഗരസഭ നടപ്പാക്കുന്നുണ്ട്. കോർപ്പറേഷൻ ജീവനക്കാരോടൊപ്പം ഹരിത കർമസേനയും ശുചീകരണ രംഗത്ത് സജീവമാണ്. ഭക്തരും നാട്ടുകാരും പ്രവർത്തനങ്ങൾക്ക് കൈത്താങ്ങാകുന്നു.

3500 ശുചീകരണ തൊഴിലാളികളും 200 ലോറികളും ഇതിനായി സജ്ജമാക്കിയിട്ടുണ്ടെന്ന് മേയർ വി.വി. രാജേഷ് അറിയിച്ചു. പൊങ്കാല കഴിഞ്ഞതോടെയാണ് ശുചീകരണം ആരംഭിച്ചത്. പരിചയസമ്പന്നരായ ജീവനക്കാരുടെ കൂട്ടായ പ്രവർത്തനവും ഭരണസമിതിയുടെ ഏകോപനവും പൊങ്കാല വിജയകരമാക്കാൻ സഹായിച്ചതായും മേയർ പറഞ്ഞു.

ഓരോ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാർക്കും ശുചീകരണ ചുമതല നൽകിയിട്ടുണ്ട്. മേയറും ഡെപ്യൂട്ടി മേയറും കൗൺസിലർമാരും നേരിട്ട് ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കെടുത്തു. ഇലകളും മറ്റ് മാലിന്യങ്ങളും നീക്കിയതിന് പിന്നാലെ രാത്രി 8.15 മുതൽ റോഡുകൾ കഴുകി വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾ ആരംഭിക്കും.

ടാങ്കറുകളിൽ വെള്ളം എത്തിച്ച് കൃത്രിമ മഴ പെയ്യിച്ചാണ് അവസാനഘട്ട ശുചീകരണം നടത്തുക. ഒരു മണിക്കൂറിനുള്ളിൽ നഗരം പഴയപടിയാക്കുമെന്നാണ് കോർപ്പറേഷൻ വ്യക്തമാക്കുന്നത്.

Related Articles

Back to top button