ശശി തരൂരിനൊപ്പം സെൽഫിയെടുക്കാൻ ശ്രമം… അംഗപരിമിതനായ പ്രവർത്തകനെ വേദിയിൽനിന്ന് തള്ളിമാറ്റി ഡിസിസി പ്രസിഡന്റ്…

പീരുമേട് മണ്ഡലം കോൺഗ്രസ് സ്ഥാനാർത്ഥി സിറിയക് തോമസിന്റെ പ്രചാരണാർഥം കുമളിയിൽ സംഘടിപ്പിച്ച പരിപാടിക്കിടെ, ശശി തരൂർ എം.പിക്കൊപ്പം ഫോട്ടോയെടുക്കാൻ ശ്രമിച്ച അംഗപരിമിതനായ പ്രവർത്തകനെ ഇടുക്കി ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വേദിയിൽനിന്ന് തള്ളിമാറ്റിയതായി പരാതി. തിങ്കളാഴ്ച ഉച്ചയോടെ ഒന്നാം മൈലിൽ നടന്ന റോഡ് ഷോയ്ക്കുശേഷമായിരുന്നു സംഭവം. പ്രസംഗിക്കാനായി ശശി തരൂർ വേദിയിലെത്തിയപ്പോൾ, വണ്ടിപ്പെരിയാർ സ്വദേശിയായ മഹേഷ് എന്ന പ്രവർത്തകനും അദ്ദേഹത്തോടൊപ്പം ഫോട്ടോയെടുക്കാൻ വേദിയിലേക്ക് കയറാൻ ശ്രമിച്ചു. ഈ സമയം വേദിയിലുണ്ടായിരുന്ന ഡി.സി.സി പ്രസിഡന്റ് മഹേഷിനെ തടയുകയും ബലമായി താഴെയിറക്കുകയുമായിരുന്നു.
ഇതിനെച്ചൊല്ലി കോൺഗ്രസ് പ്രവർത്തകർക്കിടയിൽ പ്രതിഷേധം ഉയർന്നതോടെ, അധികം വൈകാതെ സി.പി. മാത്യു തന്നെ ഇടപെട്ട് മഹേഷിനെ വീണ്ടും വേദിയിലേക്ക് ക്ഷണിക്കുകയും ശശി തരൂരിനൊപ്പം ചിത്രം പകർത്താൻ അവസരമൊരുക്കുകയും ചെയ്തു. അതേസമയം, സംഭവത്തിൽ ദുരുദ്ദേശമില്ലെന്നും, വേദിയിലെ അമിതമായ തിരക്ക് നിയന്ത്രിക്കാനാണ് താൻ ശ്രമിച്ചതെന്നും മഹേഷ് വ്യക്തമാക്കി. തിരക്ക് മാറിയ ഉടൻതന്നെ തന്നെ ഫോട്ടോ എടുക്കാൻ അനുവദിക്കുകയും ചെയ്തെന്നും, സി.പി. മാത്യുവിൽനിന്ന് മോശം അനുഭവമുണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



