കുടുംബയാത്രയ്ക്കിടെ 14-കാരിയെ പീഡിപ്പിക്കാൻ ശ്രമം…. 54-കാരനായ ബന്ധുവിന് 11 വർഷം കഠിനതടവ്

മലപ്പുറം: വിനോദയാത്രയ്ക്കിടെ ബസിൽ വെച്ച് 14 വയസ്സുകാരിയെ ശല്യം ചെയ്ത കേസിൽ പ്രതിക്ക് 11 വർഷം കഠിനതടവും 20,000 രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവാലി കൊളക്കാട്ടിരി സ്വദേശിയായ 54-കാരനെയാണ് മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ.എസ്. വരുൺ ശിക്ഷിച്ചത്.
2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുംബാംഗങ്ങൾക്കൊപ്പം നടത്തിയ ഉല്ലാസയാത്രയ്ക്കിടെ ബസിൽ വെച്ചാണ് പ്രതി പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയത്. 11 വർഷം കഠിനതടവിന് പുറമെ 20,000 രൂപ പിഴയും പ്രതി അടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ എട്ടു മാസം അധിക കഠിനതടവ് അനുഭവിക്കണം. പിഴയായി ലഭിക്കുന്ന തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
എടവണ്ണ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അന്നത്തെ സബ് ഇൻസ്പെക്ടർ വി. വിജയരാജൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 22 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. ശിക്ഷിക്കപ്പെട്ട പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.എൻ. മനോജ് ഹാജരായി.



