യുഡിഎഫ് നേതാവിന്റെ കാറിന് നേരെ അക്രമം…

യുഡിഎഫ് സ്ഥാനാർത്ഥിയുടെ കാറിന് നേരെ അക്രമം. കാറിന്റെ ഗ്ലാസ് അടിച്ചു തകർത്തു. കോഴിക്കോട് ചെക്യാട് നാലാം വാർഡ് കാലിക്കൊളുമ്പിലാണ് സംഭവം. നാലാം വാർഡ് കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് അംഗവുമായ കെ.പി.കുമാരൻ്റെ കാറിൻ്റെ മുൻവശത്തെ ചില്ലാണ് അക്രമികൾ തകർത്തത്.
തനിക്ക് വധഭീഷണി ഉള്ളതായി കാണിച്ച് കെ.പി.കുമാരൻ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്കും വളയം പൊലീസിലും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് കുമാരന് ബൂത്തിൽ സുരക്ഷയും ഏർപ്പാടാക്കിയിരുന്നു.
കാലിക്കൊളുമ്പ് അങ്കണവാടിയിൽ പോളിംഗ് അവസാനിച്ച ശേഷം പൊലീസ് സംരക്ഷണയിൽ പുറത്തേക്ക് വരുന്നതിനിടെ ഒരു സംഘം ഇയാൾക്ക് നേരെ തിരിയുകയായിരുന്നു. പൊലീസ് ഇയാളെ വാഹനത്തിലേക്ക് കയറ്റുന്നതിനിടെ അക്രമികളിൽ ഒരാൾ ചുറ്റിക ഉപയോഗിച്ച് കാറിൻ്റെ മുൻവശത്തെ ചില്ല് അടിച്ച് തകർക്കുകയായിരുന്നു. സിപിഐഎം പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് കുമാരന്റെ ആരോപണം.
