ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു..

ഷംഷബാദ് ബിഷപ്പ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ അതിക്രമത്തിൽ കേസെടുത്ത് മൂവാറ്റുപുഴ പൊലീസ്. ബിഷപ്പിൻ്റെ വാഹനമോടിച്ചിരുന്ന ജോർജ് എന്നയാളുടെ പരാതിയിലാണ് ലോറി ഡ്രൈവർ ഇടുക്കി സ്വദേശി അൻവറിനെതിരെ പൊലീസ് കേസെടുത്തത്. ഇയാളുടെ ലോറി പൊലീസ് പിടിച്ചെടുത്തു. ചൊവ്വാഴ്ച രാത്രിയാണ് ബിഷപ്പ് സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി അൻവർ ഹെഡ്ലൈറ്റും ബ്രേക്ക് ലൈറ്റും അടിച്ചു പൊട്ടിച്ചത്. വിമാനത്താവളത്തിൽ നിന്ന് വരുന്ന വഴി ബിഷപ്പ് സഞ്ചരിച്ചിരുന്ന വാഹനം ലോറിയുമായി ഉരസിയതുമായി ബന്ധപ്പെട്ട തർക്കമാണ് അതിക്രമത്തിന് കാരണം. അപകടശേഷം നിർത്താതെ പോയ കാറിനെ പിൻതുടർന്ന് മൂവാറ്റുപുഴ വെള്ളൂർക്കുന്നത്ത് വെച്ചായിരുന്നു അതിക്രമം. അതിക്രമം കാണിക്കുക, അസഭ്യം പറയുക, നാശനഷ്ടം വരുത്തുക തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.



