‘ചവിട്ടിക്കൂട്ടി എന്നെ, വയറ്റിലും ചവിട്ടി, സഹിക്കാൻ പറ്റുന്നില്ല’.. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്…
ഷാര്‍ജയിൽ ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി അതുല്യ നേരിട്ടത് കൊടും ക്രൂരതയെന്ന് വെളിപ്പെടുത്തല്‍. അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശം പുറത്ത്.ന്നെ അയാൾ ചവിട്ടി കൂട്ടി, ജീവിക്കാൻ പറ്റുന്നില്ലെന്നും ശബ്ദ സന്ദേശം. ഇത്രയൊക്കെ കാണിച്ചിട്ടും അയാൾക്കൊപ്പം നിൽക്കേണ്ട അവസ്ഥയാണ്. ധൈര്യമില്ലാത്തത് കൊണ്ടാണ് ആത്മഹത്യ ചെയ്യാത്തതെന്നും അതുല്യ സുഹൃത്തിനയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.’ചവിട്ടിക്കൂട്ടി എന്നെ. എനിക്ക് വയ്യഡീ. അനങ്ങാന്‍ വയ്യ. വയറെല്ലാം ചവിട്ടി. സഹിക്കാന്‍ പറ്റുന്നില്ല’, എന്നാണ് ശബ്ദ സന്ദേശത്തില്‍ അതുല്യ പറയുന്നത്.
അതുല്യയുടെ ഭര്‍ത്താവ് സതീഷിനെതിരെ കൂടുതൽ ആരോപണങ്ങളാണ് പുറത്ത് വരുന്നത്. അതുല്യയുടെ കല്യാണത്തിനുശേഷം പ്രശ്നങ്ങള്‍ ആരംഭിച്ചിരുന്നുവെന്നും സതീഷിന്റെ ഭാഗത്തുനിന്നുണ്ടായിട്ടുള്ള ദുരനുഭവങ്ങള്‍ തന്നോട് അതുല്യ പറഞ്ഞിട്ടുണ്ടെന്നും നാട്ടിലെ സുഹൃത്ത് വെളിപ്പെടുത്തുന്നു. വിവാഹം കഴിഞ്ഞതുമുതൽ പ്രശ്നമുണ്ടായിരുന്നുവെന്നും 17-ാം വയസിലാണ് അതുല്യയുടെ വിവാഹ നിശ്ചയം കഴിഞ്ഞതെന്നും 18-ാം വയസിലായിരുന്നു വിവാഹമെന്നും അതുല്യയുടെ സുഹൃത്ത് പറഞ്ഞു.
ശാരീരികവും മാനസികവുമായുള്ള പീഡനം തുടര്‍ന്നിരുന്നു. അതുല്യയ്ക്ക് സതീഷിനോട് വലിയ സ്നേഹമായിരുന്നു. ബുദ്ധിമുട്ടാണെങ്കിൽ ബന്ധം ഉപേക്ഷിക്കാനും വീട്ടിലേക്ക് വരാനും വീട്ടുകാര്‍ പറഞ്ഞിരുന്നു. എന്നാൽ, പലപ്പോഴും ചെയ്ത കാര്യങ്ങളൊന്നും ഓര്‍മയില്ലെന്നും പറ്റിപ്പോയെന്നുമൊക്കെ സതീഷ് മാപ്പ് പറഞ്ഞിരുന്നു. തുടര്‍ന്ന് വീണ്ടും സതീഷിനൊപ്പം ജീവിക്കാൻ അതുല്യ തീരുമാനിക്കുകയായിരുന്നുവെന്നും അതുല്യയുടെ സുഹൃത്ത് പറയുന്നു.
ശനിയാഴ്ച രാവിലെയായിരുന്നു തേവലക്കര തെക്കുഭാഗം സ്വദേശി അതുല്യശേഖറിനെ (30) ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷാര്‍ജ റോളപാര്‍ക്കിന് സമീപത്തെ ഫ്ളാറ്റില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടത്. അതുല്യ ഇന്നലെ പുതിയ ജോലിയില്‍ പ്രവേശിക്കാനിരിക്കുകയായിരുന്നു. ദുബായില്‍ കോണ്‍ട്രാക്ടിങ് സ്ഥാപനത്തില്‍ എന്‍ജിനീയറായി ജോലി ചെയ്യുകയാണ് ഭര്‍ത്താവ് സതീഷ്.
തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയെ ഭർത്താവ് ക്രൂരമായി ആക്രമിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന വിഡിയോകള്‍ പുറത്ത് വന്നു. മരണത്തിന് തൊട്ട് മുന്‍പുള്ള ദിവസം ചില ചിത്രങ്ങളും വിഡിയോകളും അടുത്ത ബന്ധുവിന് അതുല്യ അയച്ചു നല്‍കിയിരുന്നു. ആ വീട്ടില്‍ അതുല്യ അനുഭവിച്ചിരുന്ന മാനസിക, ശാരീരിക പീഡനം വ്യക്തമാക്കുന്ന വിഡിയോകളാണ് പുറത്ത് വന്നിരിക്കുന്നത്. അതുല്യയുടെ ശരീരത്തില്‍ മര്‍ദനമേറ്റ നിരവധി പാടുകള്‍ കാണാം. വിഡിയോകളില്‍ അതുല്യ ഉച്ചത്തില്‍ നിലവിളിക്കുന്ന ശബ്ദവും കേള്‍ക്കാം. സൈക്കോയെപ്പോലെയാണ് വിഡിയോകളില്‍ ഭര്‍ത്താവ് പെരുമാറുന്നത്. ആക്രമണ സമയത്ത് പരസ്പര ബന്ധമില്ലാത്ത എന്തൊക്കെയോ കാര്യങ്ങള്‍ പറയുന്നുമുണ്ട്. ഈ വീഡിയോയാണ് അതുല്യയുടേത് കൊലപാതകമാണോ എന്ന സംശയം ഉയര്‍ത്തുന്നത്. കൊന്ന് കെട്ടിത്തൂക്കാനും സാധ്യത ഏറെയാണ്. മദ്യപിച്ചാല്‍ സതീഷ് മനുഷ്യ മൃഗമായി മാറുമെന്നാണ് അടുപ്പക്കാരുടെ സാക്ഷ്യം.



