അതുല്യയുടെ മൃതദേഹം നാട്ടിലെത്തിച്ചു.. റീ പോസ്റ്റ്മോർട്ടം.. സംസ്കാരം വൈകിട്ട് വീട്ടുവളപ്പിൽ…

ഷാർജയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിനി അതുല്യ ശേഖറിന്റെ (30) മൃതദേഹം നാട്ടിൽ എത്തിച്ചു. മൃതദേഹം ഇന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ റീ പോസ്റ്റ്മോർട്ടം നടത്തും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകുന്ന മൃതദേഹം വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിക്കും.

മരണത്തിൽ അസ്വാഭാവികത ഇല്ലെന്നും അതുല്യ തൂങ്ങി മരിച്ചെന്നായിരുന്നു ഷാർജയിലെ ഫൊറൻസിക് പരിശോധനാ ഫലത്തിലെ കണ്ടെത്തൽ. എന്നാൽ മരണത്തിൽ അതുല്യയുടെ കുടുംബം ദുരൂഹത ആരോപിക്കുന്ന സാഹചര്യത്തിലാണ് നാട്ടിൽ റീ പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്. അന്വേഷണത്തിൽ ഇത് നിർണായകമാകുമെന്നാണ് പ്രതീക്ഷ.

അതുല്യയുടെ ഭർത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് കരുനാഗപ്പള്ളി എ എസ് പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്. സതീഷിന്‍റെ ശാരീരിക – മാനസിക പീഡനമാണ് മരണത്തിന് കാരണമെന്നാണ് കുടുംബത്തിന്‍റെ പരാതി. സതീഷ് ഭാര്യയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ അടക്കം പുറത്തു വന്നിരുന്നു.

അതുല്യയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് സതീഷിനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയറായിരുന്ന സതീഷിന് കമ്പനി രേഖാമൂലം പിരിച്ചുവിടൽ കത്ത് നൽകുകയായിരുന്നു. ഒരു വർഷം മുൻപാണ് സതീഷ് ഈ കമ്പനിയിൽ ജോലിക്ക് പ്രവേശിച്ചത്. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്റെ അക്രമാസക്തമായ വീഡിയോകളും പരിഗണിച്ചാണ് കമ്പനിയുടെ നടപടിയെന്ന് അധികൃതർ അറിയിച്ചു.

ചവറ തെക്കുംഭാഗം ഇൻസ്പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോ​ഗിച്ചത്. എട്ടം​ഗ സംഘമാകും അന്വേഷണം നടത്തുക. അതുല്യയുടെ മരണത്തിന് പിന്നാലെ മാതാപിതാക്കൾ നൽകിയ പരാതിയിൽ ഭർത്താവ് സതീഷിനെതിരെ തെക്കുംഭാഗം പൊലീസ് കേസെടുത്തിരുന്നു. കൊലപാതകക്കുറ്റത്തിനു പുറമേ സ്ത്രീധന പീഡനം, കൈ കൊണ്ടും ആയുധം കൊണ്ടും ശരീരത്തിൽ മാരകമായി പരുക്കേൽപിക്കൽ തുടങ്ങിയ ആറിലധികം വകുപ്പുകളും ചുമത്തിയിട്ടുണ്ട്. കരുനാഗപ്പള്ളി എഎസ്പി അഞ്ജലി ഭാവന തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലെത്തി വിവരങ്ങൾ തേടിയിരുന്നു.

വെള്ളിയാഴ്ച രാത്രിയാണ് അതുല്യയെ ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെയാണ് മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് മാതാപിതാക്കൾ ചവറ പൊലീസിൽ പരാതി നൽകിയത്. ഭർത്താവിന്റെ ക്രൂരതകൾക്ക് തെളിവായി യുവതി സഹോദരിക്ക് അയച്ച വിഡിയോയും പൊലീസിന് കൈമാറിയിട്ടുണ്ട്. വിഡിയോയ്‌ക്കൊപ്പം പുറത്തുവന്ന ദൃശ്യങ്ങളിൽ അതുല്യയുടെ കൈകളിലും കഴുത്തിലും മുഖത്തുമെല്ലാം മുറിവേറ്റതിന്റെ പാടുകളുണ്ട്.

Related Articles

Back to top button