കഠിനംകുളം കൊലപാതകം…ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതിയുടെ മൊഴി…
തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപാതകത്തിൽ പ്രതി ജോൺസൻ്റെ മൊഴി വിശദീകരിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി. ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നുവെന്ന് പ്രതി മൊഴി നൽകിയതായി ഡിവൈഎസ്പി പറഞ്ഞു. കുട്ടിയെ ഉപേക്ഷിച്ചു വരാൻ തയ്യാറല്ലെന്നു ആതിര പറഞ്ഞു. തുടർന്നാണ് ബലം പ്രയോഗിച്ചു കഴുത്തിൽ കുത്തി കൊലപ്പെടുത്തിയതെന്നും ജോൺസൺ മൊഴി നൽകിയതായി പൊലീസ് പറഞ്ഞു.
ആതിരയുടെ ബന്ധം കുടുംബം അറിഞ്ഞിരുന്നു. ജോൺസൻ തന്നെ ഇക്കാര്യം കുടുബത്തോട് പറഞ്ഞിരുന്നു. തുടർന്ന് കുടുംബം ആതിരയെ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിച്ചു. ഇതോടെയാണ് കൊല്ലാൻ തീരുമാനിച്ചതെന്നും പ്രതിയുടെ മൊഴിയിലുണ്ട്. കൊലപാതകത്തിന് പിന്നാലെ മുങ്ങിയ ജോൺസൻ ഔസേപ്പിനെ കോട്ടയം ചിങ്ങവനത്തെ ഒരു വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. എലിവിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ജോൺസൺ. കൃത്യം നടന്ന ദിവസം പെരുമാതുറയിലെ മുറിയിൽ നിന്ന് രാവിലെ 7 മണിയോടെ പ്രതി മതിൽ ചാടി ആതിര താമസിക്കുന്ന വീടിനകത്തു വന്നു. അവസാനമായി ആതിരയെ ഒന്നു കാണമെന്നായിരുന്നു ജോൺസന്‍റെ ആവശ്യം.