ബി നിലവറ തുറക്കരുത് എന്ന് പറയുന്നതിന്റെ യഥാർത്ഥ കാരണം വെളിപ്പെടുത്തി ഗൗരി ലക്ഷ്‌മി ഭായി…
aswathy-tirunal-about-b-vault-in-sree-padmanabha-swamy-temple
ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കാത്തതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ നിരവധിയാണ്. നിലവറയിൽ അമൂല്യങ്ങളായ രത്നങ്ങളുടെ നിധി ശേഖരമുണ്ടെന്നത് മുതൽ ഘോര സർപ്പങ്ങൾ കാവൽ നിൽക്കുന്നുണ്ടെന്നത് വരെയുള്ള പ്രചരണങ്ങൾ ശക്തമാണ്. ഇതിന് പിന്നിലെ വസ്തുത എന്തെന്ന് വ്യക്തമാക്കുകയാണ് രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്‌മി ഭായി.
”ബി നിലവറ എന്ന് എല്ലാവരും വിശേഷിപ്പിക്കുന്ന അറ എന്റെ അറിവിൽ ഇതുവരെ തുറന്നിട്ടില്ല. അതിന്റെ മുമ്പിൽ ഇരുമ്പഴിയിട്ട നീളമുള്ള വരാന്ത മുറിയുണ്ട് എന്ന് കേട്ടിട്ടുണ്ട്. ആ മുറി പലപ്രാവശ്യം തുറന്നിട്ടുണ്ട്. അതിന്റെ ഒരു വശത്താണ് ബി നിലവറയുടെ വാതിൽ. പ്രചരിക്കുന്നത് പോലെ ആ വാതിലിന് വലിയ വലുപ്പമോ സർപ്പങ്ങളുടെ രൂപമോ ഇല്ല.
2011ൽ കൃഷ്‌ണവിലാസം കൊട്ടാരത്തിൽ വച്ച് അഷ്‌ടമംഗല പ്രശ്നം വച്ചപ്പോൾ ദേവജ്ഞന്മാർ വളരെ ശക്തമായി പറഞ്ഞു, ബി നിലവറ തുറക്കാൻ പാടില്ല എന്ന്. അവിടം മുനിമാരും ദേവന്മാരും ശ്രീപദ്‌മനാഭനെ ധ്യാനിക്കുന്ന സ്ഥലമാണ്. ഭൂഗർഭമായി സ്ഥാപിച്ചിട്ടുള്ള ശ്രീചക്രത്തിന്റെ ശക്തിപ്രവാഹം മൂലബിംബത്തിൽ ഘടിപ്പിച്ചിട്ടുണ്ടെന്നും, അതിന് ഭംഗം വന്നാൽ പുനഃസ്ഥാപിക്കാൻ കഴിയില്ല. അതിന് കഴിവോ പ്രാപ്‌തിയോ അറിവോ ഉള്ള കർമിമാർ ഇന്നില്ല. യക്ഷിയമ്മ അവിടെ തപസിരിക്കുന്നു എന്ന മറ്റൊരു വിശ്വാസമുണ്ട്. ഏറ്റവും ശക്തമായ മറ്റൊന്ന് തെക്കേടത്ത് നരസിംഹ സ്വാമിയുടെ സാന്നിദ്ധ്യമാണ്. ഇത്തരത്തിൽ പലകാരണങ്ങൾ കൊണ്ടാണ് ബി നിലവറ തുറക്കാൻ പാടില്ല എന്ന് പറയുന്നത്. ”