‘മോദിക്ക് അപൂര്‍വ ചക്രവര്‍ത്തി യോഗം, അമിത് ഷാ കുറ്റവിമുക്തനാകും.. പ്രവചനങ്ങൾ കിറു കൃത്യം..അറിയാം, എംവി ഗോവിന്ദന്‍ സന്ദര്‍ശിച്ച ജ്യോത്സ്യനെ….
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ജ്യോത്സ്യരെ സന്ദര്‍ശിച്ചത് വന്‍വിവാദമാണ് കേരളം രാഷ്ട്രീയത്തിൽ ഉണ്ടാക്കിയത്. ഈ വാർത്ത വിവാദമായതോടെ എ വി മാധവപൊതുവാളും വാർത്തകളിൽ നിറയുകയാണ്.ആരാണ് എ വി മാധവപൊതുവാള്‍ എന്നാണ് എല്ലാവരും അന്വേഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, വ്യവസായി ഗൗതം അദാനി, സുപ്രീംകോടതി ജഡ്ജിമാര്‍ തുടങ്ങി മാധവപൊതുവാളിനെ സമീപിക്കാനെത്തുന്നവര്‍ ഇന്ത്യയിലെ തന്നെ രാഷ്ട്രീയ, സാമൂഹിക, ബിസിനസ് രംഗത്തെ ഉന്നതരാണ്.
അധികാര കേന്ദ്രങ്ങളിലുള്ളവരുമായി പൊതുവാളിന്റെ ബന്ധം ആരംഭിച്ചിട്ട് ഒരു പതിറ്റാണ്ടിലേറെയായി. 2010ല്‍ സൊഹ്‌റാബുദീന്‍ ഷെയ്ഖ് ഏറ്റുമുട്ടല്‍ കേസുമായി ബന്ധപ്പെട്ട് അമിത് ഷാക്കെതിരെ നടപടി നേരിട്ട സമയത്ത് അദ്ദേഹവുമായി അടുത്ത ബന്ധമുള്ള മൂന്ന് പേര്‍ പയ്യന്നൂരില്‍ ജാതകവുമായി വന്ന് കണ്ടിരുന്നു. ‘അന്ന് എനിക്ക് അമിത് ഷായെ അറിയില്ലായിരുന്നു. എന്റെ ബന്ധുവായ സുധ മേനോന്‍ ആണ് എന്നെ അദ്ദേഹത്തിന്റെ കുടുംബത്തിന് പരിചയപ്പെടുത്തുന്നത്. അവര്‍ക്ക് എന്റെ വീട്ടില്‍ മൂന്ന് മണിക്കൂര്‍ കാത്തിരിക്കേണ്ടി വന്നു, പക്ഷേ കേസില്‍ നിന്ന് അദ്ദേഹം എപ്പോള്‍ മോചിതനാകുമെന്ന് ഞാന്‍ കൃത്യമായി പ്രവചിച്ചു. അത് യാഥാര്‍ത്ഥ്യമായി. അതോടെയാണ് അദ്ദേഹവുമായുള്ള ബന്ധത്തിന് തുടക്കമാകുന്നത്.’എന്നാണ് മാധവപൊതുവാൾ ഇതിനെപറ്റി പറഞ്ഞത്.
2012 ല്‍, നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മാധവ പൊതുവാള്‍ അദ്ദേഹത്തെ കാണുന്നത്. ജാതകം പരിശോധിച്ചപ്പോള്‍, അതില്‍ ഒരു അപൂര്‍വ ‘ചക്രവര്‍ത്തി യോഗം’, ഉണ്ടെന്ന് അദ്ദേഹം മോദിയോട് പറഞ്ഞു. ‘രണ്ട് വര്‍ഷത്തിനുള്ളില്‍ അദ്ദേഹം പ്രധാനമന്ത്രിയായി, പൊതുവാള്‍ പറഞ്ഞു. ആ കൂടിക്കാഴ്ചയില്‍ തുടങ്ങിയ ബന്ധം ഇന്നും തുടരുന്നു. അദ്ദേഹത്തിന്റെ’ചക്രവര്‍ത്തിയോഗം’ കൂടുതല്‍ വര്‍ഷങ്ങള്‍ നിലനില്‍ക്കും, മാധവപൊതുവാള്‍ പറയുന്നു.
രാഷ്ട്രീയത്തിലേയ്ക്കുള്ള ബന്ധങ്ങളുടെ തുടക്കം കുറിച്ചത് അമിത് ഷാ ആണെങ്കില്‍, അദാനി മാധവ പൊതുവാളിന്റെ സുഹൃത്തായി. 2021ലാണ് അദാനി മാധവപൊതുവാളിനെ പയ്യന്നൂരില്‍ സന്ദര്‍ശിക്കുന്നത്. അതേദിവസം തന്നെ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് മുല്ലപ്പള്ളി രത്‌നാകരന്‍ ആരോപിച്ചു. ഇത് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഞാനാണ് കൂടിക്കാഴ്ച സംഘടിപ്പിച്ചതെന്ന് മാധ്യമങ്ങള്‍ അവകാശപ്പെട്ടു, പൊതുവാള്‍ പറഞ്ഞു. അതെല്ലാം നുണയാണ്. അദാനി വിമാനത്തില്‍ കയറിയ നിമിഷം മുതല്‍ അദ്ദേഹം പോകുന്നത് വരെ ഞാന്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ഞങ്ങള്‍ ശ്രീ രാജരാജേശ്വര ക്ഷേത്രം സന്ദര്‍ശിച്ചു. അദ്ദേഹം എന്റെ വീട്ടില്‍ ഭക്ഷണം കഴിച്ചു. ജ്യോതിഷവും കുടുംബകാര്യങ്ങളും ചര്‍ച്ച ചെയ്തു. പ്രധാന പദ്ധതികള്‍ക്ക് മുമ്പ് അദ്ദേഹം ഇപ്പോഴും എന്റെ ഉപദേശം തേടാറുണ്ട്.
ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള കുടുംബ പാരമ്പര്യമുണ്ട് പൊതുവാളിന്റെ കുടുംബത്തിന്. അദ്ദേഹത്തിന്റെ അമ്മാവന്‍ വി പി കെ പൊതുവാള്‍ 1915 ല്‍ ജ്യോതി സദനം സ്ഥാപിച്ചു. പിന്നീട് അത് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ വേദ ജ്യോതിഷ കേന്ദ്രങ്ങളിലൊന്നായി മാറി. കാഞ്ചി കാമകോടി പീഠത്തില്‍ നിന്ന് അദ്ദേഹത്തിന് ‘ജ്യോതിഷ ചക്രവര്‍ത്തി’ എന്ന പദവി ലഭിച്ചു. അദ്ദേഹത്തിന്റെ മക്കളായ നാരായണ പൊതുവാള്‍, ജഗദീഷ് പൊതുവാള്‍, പി മാധവ പൊതുവാള്‍, എ വി മാധവ പൊതുവാള്‍ എന്നിവര്‍ 2018 ല്‍ ജ്യോതി സദനത്തിന്റെ ചുമതലയേറ്റു. പിന്നീട് ഇന്ത്യയിലുടനീളമുള്ള രാഷ്ട്രീയക്കാര്‍ക്കും, സിനിമാതാരങ്ങള്‍ക്കും, വ്യവസായികള്‍ക്കും പരിചിതമായ ഒരു വിലാസമായിരുന്നു അത്. ‘ജയലളിത രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ ഒരിക്കല്‍ അവരുടെ ജാതകം കണ്ടിരുന്നുവെന്ന് മാധവപൊതുവാള്‍ പറയുന്നു. തിരുവിതാംകൂര്‍ സഹോദരിമാരായ ലളിത, പത്മിനി, രാഗിണി എന്നിവരുടെ അമ്മയായ സ്വരസ്വതിയമ്മയാണ് അത് എനിക്ക് നല്‍കിയത്, മാധവ പൊതുവാള്‍ പറഞ്ഞു.
ദേശീയ രാഷ്ട്രീയ രംഗം പ്രവചിക്കുന്നതില്‍ സമര്‍ത്ഥനാണെങ്കിലും, കേരളത്തിലെ കാര്യം വരുമ്പോള്‍ പൊതുവാള്‍ മൗനം പാലിച്ചു. ഒരുകാലത്ത് താന്‍ ഒരു കടുത്ത സിപിഎമ്മുകാരനായിരുന്നുവെന്ന് സമ്മതിക്കുന്നു. ‘ഞങ്ങളുടെ ഗ്രാമം സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്നു. കാലക്രമേണ, കോണ്‍ഗ്രസ്, ബിജെപി നേതാക്കളുമായി അടുപ്പമുണ്ടായെന്നും മാധവ പൊതുവാള്‍ പറഞ്ഞു. ഇപ്പോള്‍ എല്ലാ പാര്‍ട്ടികളിലും എനിക്ക് സുഹൃത്തുക്കളുണ്ട്. അവരില്‍ പലരും ജാതകം പരിശോധിക്കാന്‍ എന്നെ സമീപിച്ചിട്ടുണ്ട്. ഞാന്‍ ഒരു പ്രത്യേക പാര്‍ട്ടിയെയും പിന്തുടരുന്നില്ല, പക്ഷേ, വോട്ട് ചെയ്യുമ്പോള്‍ എനിക്ക് വ്യക്തമായ ഒരു തെരഞ്ഞെടുപ്പുണ്ടെന്നും അദ്ദേഹം പറയുന്നു.