ബസിന്റെ വലിപ്പമുള്ള ഛിന്നഗ്രഹം ഭൂമിക്ക് അടുത്തുകൂടി ഇന്ന് രാത്രി കടന്നുപോകും.. ആവേശത്തോടെ നിരീക്ഷിക്കാനൊരുങ്ങി..

ഈയടുത്ത് കണ്ടെത്തിയ 2025 QD8 എന്ന ഛിന്നഗ്രഹം ഇന്ന് ഭൂമിയോട് ചേർന്ന് കടന്നുപോകും. ഏകദേശം 2,18,000 കിലോമീറ്റർ ദൂരത്തിലൂടെയാവും ഇത് കടന്നുപോവുക. ഇത് ഭൂമിക്കും ചന്ദ്രനും ഇടയിലുള്ള ശരാശരി ദൂരത്തിന്റെ 57 ശതമാനം വരും. ഇന്ന് രാത്രി ഇന്ത്യൻ സമയം 8:27 ന് നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ കൂടിക്കാഴ്ച, നിരീക്ഷിക്കാന്‍ ജ്യോതിശാസ്ത്രജ്ഞരടക്കം ആവേശത്തോടെ കാത്തിരിക്കുകയാണ്. 2025 QD8 ന് 17 മുതൽ 38 മീറ്റർ വരെ വ്യാസമുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഒരു വലിയ ബസിന്റേയോ ചെറിയ കെട്ടിടത്തിന്റേയോ വലുപ്പത്തിന് ഏകദേശം തുല്യമാണ്.

2025 QD8 പോലുള്ള ഭൗമസമീപ ഛിന്നഗ്രഹങ്ങള്‍ സൂര്യനുചുറ്റുമുള്ള ഭൂമിയുടെ സഞ്ചാരപാതയ്ക്ക് സമീപത്തേക്ക് വരുന്ന ഭ്രമണപഥങ്ങളുള്ള ബഹിരാകാശ പാറകളാണ്. നാസ അന്താരാഷ്ട്ര പങ്കാളികളുമായി ചേര്‍ന്ന് ഇത്തരത്തിലുള്ള പതിനായിരക്കണക്കിന് വസ്തുക്കളെ കണ്ടെത്തുകയും നിരീക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അവയുടെ വലുപ്പവും ഭാവിയില്‍ ഭൂമിയുടെ സഞ്ചാരപഥവുമായി കൂട്ടിമുട്ടാന്‍ സാധ്യതയുള്ള ഭ്രമണപഥവും കാരണം അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങള്‍ (PHAs) എന്ന് തരംതിരിക്കപ്പെട്ട ഒരു ഉപവിഭാഗം അവയിലുണ്ട്. എന്നിരുന്നാലും, കര്‍ശനമായ നിരീക്ഷണ, ട്രാക്കിംഗ് സംവിധാനങ്ങള്‍ യഥാര്‍ഥ ഭീഷണികളെല്ലാം വളരെ മുന്‍കൂട്ടി തിരിച്ചറിയുന്നുവെന്ന് ഉറപ്പാക്കുന്നതാണ്.

എന്നാല്‍ ഇത്തരം കടന്നുപോകലുകള്‍ ഈ ബഹിരാകാശ വസ്തുക്കളുടെ ഘടന, സഞ്ചാരപഥങ്ങള്‍, സ്വഭാവം എന്നിവയെക്കുറിച്ച് ഗവേഷകര്‍ക്ക് വിലയേറിയ അറിവുകള്‍ നല്‍കുന്നതാണ്. 2025 QD8-ന്റെ സാമീപ്യം ഒരു അപകടവും ഉണ്ടാക്കുന്നില്ലെങ്കിലും ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ നിരന്തരമായ ജാഗ്രതയും അര്‍പ്പണബോധവും വ്യക്തമാക്കുന്നതാണ് അതിന്റെ സുരക്ഷിതമായ കടന്നുപോക്ക്.

Related Articles

Back to top button