ഭൂമിക്ക് ഭീഷണിയായിരുന്ന ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത കൂടി..അവശിഷ്ടങ്ങള്‍ വീഴുന്നത് ഭൂമിയിലെ..

2032-ൽ ‘2024 വൈആര്‍4’ (Asteroid 2024 YR4) എന്ന വലിയ ഛിന്നഗ്രഹം ചന്ദ്രനിൽ ഇടിക്കാനുള്ള സാധ്യത വർധിച്ചതായി ശാസ്ത്രജ്ഞർ. ഈ ഛിന്നഗ്രഹം ചന്ദ്രനുമായി കൂട്ടിയിടിക്കാനുള്ള സാധ്യത 2025 ഫെബ്രുവരി വരെ 3.8 ശതമാനമാണെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കിയിരുന്നത്. എന്നാൽ 2025 മെയ് മാസത്തിൽ ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനിയിൽ (JWST) നിന്ന് ലഭിച്ച ഏറ്റവും പുതിയ ഡാറ്റ ഉപയോഗിച്ചുള്ള വിശകലനത്തില്‍ ഈ സാധ്യത ഇപ്പോൾ 4.3 ശതമാനമായി ഉയര്‍ന്നു. 53 മുതൽ 67 മീറ്റർ വരെ വലിപ്പമുള്ള ഈ ഛിന്നഗ്രഹം ഭൂമിയിൽ ഇടിച്ചാൽ ഒരുനഗരം മുഴുവൻ തുടച്ചുനീക്കുന്ന വിധത്തിൽ വിനാശകരമായിരിക്കും. എന്നാൽ നിലവിൽ ഭൂമി സുരക്ഷിതമാണെന്നാണ് റിപ്പോർട്ടുകൾ

കനേഡിയൻ സർവകലാശാലകളിലെ ഗവേഷകർ ഈ മാസം പുറത്തിറക്കിയ ഒരു പഠനം 2024 വൈആര്‍4 ഛിന്നഗ്രഹം ചന്ദ്രനിൽ കൂട്ടിയിടിക്കാനുള്ള സാധ്യതയും അവശിഷ്‍ടങ്ങൾ ഭൂമിയിലേക്ക് നീങ്ങാനുള്ള സാധ്യതയും വിശദീകരിക്കുന്നു. ഈ കൂട്ടിയിടി ചന്ദ്രന്‍റെ ഉപരിതലത്തിൽ ഏകദേശം ഒരു കിലോമീറ്റർ വ്യാസമുള്ള ഒരു ഗർത്തം സൃഷ്ടിക്കുമെന്നും ദശലക്ഷക്കണക്കിന് കിലോഗ്രാം അവശിഷ്‍ടങ്ങൾ ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ നിന്ന് പുറത്തേക്ക് തെറിക്കുമെന്നും ഇവ ദിവസങ്ങൾക്ക് ശേഷം ഭൂമിയിൽ എത്തിച്ചേരുമെന്നും ഗവേഷകർ പറയുന്നു. 2024 YR4 ചന്ദ്രനിൽ പതിച്ചാൽ ഏകദേശം 5,000 വർഷത്തിനിടയിലെ ഏറ്റവും വലിയ ആഘാതമായിരിക്കും എന്നും ഭൂമിയിൽ ഉണ്ടാകുന്ന ഉൽക്കാവർഷം കണ്ണഞ്ചിപ്പിക്കുന്നതായിരിക്കും എന്നും ഗവേഷകർ പറയുന്നു.

Related Articles

Back to top button