തിരഞ്ഞെടുപ്പ് പരസ്യങ്ങൾക്ക് കർശന നിയന്ത്രണം; മുൻകൂർ അനുമതി നിർബന്ധം

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്ഥാനാർത്ഥികളും വ്യക്തികളും ദൃശ്യ-ശ്രവ്യ മാധ്യമങ്ങളിലൂടെ നൽകുന്ന പരസ്യങ്ങൾക്ക് മുൻകൂർ സർട്ടിഫിക്കേഷൻ നിർബന്ധമാക്കി. ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ (MCMC) അനുമതിയില്ലാതെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് അധികൃതർ അറിയിച്ചു.
ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ നെറ്റ്വർക്കുകൾ, സ്വകാര്യ എഫ്.എം റേഡിയോ, സിനിമ തിയേറ്ററുകൾ, പൊതു ഇടങ്ങൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവ ഉൾപ്പെടെ എല്ലാ തരത്തിലുള്ള ഓഡിയോ-വീഡിയോ പ്രചാരണങ്ങൾക്കും ഈ നിയമം ബാധകമാണ്. കൂടാതെ ബൾക്ക് എസ്‌എംഎസ്, വോയ്സ് മെസേജുകൾ, ഇ-പേപ്പർ പരസ്യങ്ങൾ എന്നിവക്കും മുൻകൂർ അനുമതി നിർബന്ധമാണ്.
സർട്ടിഫിക്കേഷൻ നേടുന്നതിനായി സ്ഥാനാർത്ഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും നിർദ്ദിഷ്ട ഫോമിൽ അപേക്ഷ സമർപ്പിക്കണം. പരസ്യം പ്രചരിപ്പിക്കുന്നതിനായി കുറഞ്ഞത് മൂന്ന് ദിവസം മുമ്പ് അപേക്ഷ നൽകണം. അപേക്ഷയ്‌ക്കൊപ്പം പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്റ്റും സമർപ്പിക്കേണ്ടതാണ്.
ഇതോടൊപ്പം, പരസ്യത്തിന്റെ നിർമ്മാണ ചെലവും പ്രക്ഷേപണ ചെലവും വ്യക്തമാക്കണം. പോളിംഗ് ദിവസവും അതിന്റെ തലേദിവസവും അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കുന്ന രാഷ്ട്രീയ പരസ്യങ്ങൾക്കും MCMCയുടെ മുൻകൂർ അനുമതി ആവശ്യമാണ്. എല്ലാ പരസ്യ ചെലവുകളും ബന്ധപ്പെട്ട സ്ഥാനാർത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവിൽ ഉൾപ്പെടുത്തും.
ജില്ല ഇൻഫർമേഷൻ ഓഫീസിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെ അപേക്ഷകൾ സ്വീകരിക്കും. ജില്ല കലക്ടർ അധ്യക്ഷനായ കമ്മിറ്റിയാണ് അപേക്ഷകൾ പരിശോധിച്ച് അംഗീകാരം നൽകുക.
തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സുതാര്യത ഉറപ്പാക്കാനും നിയമലംഘനങ്ങൾ ഒഴിവാക്കാനും ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.



