നിയമസഭ തിരഞ്ഞെടുപ്പ്; ചടുല നീക്കവുമായി കോൺഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ള തിരക്കിട്ട നീക്കവുമായി കോൺഗ്രസ്. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം പൂർത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് നീക്കം. അതേസമയം, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതലയാർക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാൻ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.
പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 16ന് കൊച്ചിയിൽ ചേരുന്ന കെപിസിസി യോഗത്തിന് പിന്നാലെ സ്ക്രീനിംഗ് കമ്മിറ്റി, കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗങ്ങൾ ചേർന്ന് സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നൽകും. 25ന് മുൻപ് തിരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎൽഎമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കിൽ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയിൽ ആരെന്നതിലും തീരുമാനം വരും. ബെന്നി ബെഹ്നാൻ എംപിയുടെ പേരിനാണ് മുൻഗണന. കെസി ജോസഫ്, എംഎം ഹസൻ തുടങ്ങിയ നേതാക്കളുടെ പേരുകളും ചർച്ചയിൽ വന്നിരുന്നു. കൊടിക്കുന്നിൽ സുരേഷിൻറെ പേര് ഉയർന്നെങ്കിലും പകരം ചുമതല നൽകുമ്പോഴും ന്യൂനപക്ഷ പ്രാതിനിധ്യം ഉറപ്പ് വരുത്താനാകും നീക്കം.
ഇന്നലെ പ്രഖ്യാപിച്ച പ്രകടനപത്രിക സമിതിയുടെ ചെയർമാനാണ് ബെന്നി ബെഹ്നാൻ. ആൻറോ ആൻറണിയുടെ പേര് ചർച്ചയിലുണ്ടായിരുന്നെങ്കിലും പോറ്റി വിവാദവും, എൻഎം രാജുവിൻറ വെളിപ്പെടുത്തലുമടക്കം വിനയായെന്നാണ് സൂചന.



