‘പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനു തന്നെ ഉദാത്ത മാതൃക, ഇത്തവണയും പിന്തുണ വേണം

നിയമസഭ തെരഞ്ഞെടുപ്പിലെ കേരള കോൺഗ്രസ് എം സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുകയാണ്. പാർട്ടി ചെയർമാൻ ജോസ് കെ മാണിയാണ് പാലായിൽ മത്സരിക്കുന്നത്. പാലായുടെ നഷ്ടപ്പെട്ട ആ സുവർണ്ണനാളുകൾ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ടെന്നും ജനങ്ങളുടെ പിന്തുണ വേണമെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ജോസ് കെ മാണി അഭ്യർത്ഥിച്ചു. ഒരു ജനപ്രതിനിധിയെന്ന നിലയിൽ കഴിഞ്ഞ 17 വർഷക്കാലം നമ്മുടെ നാടിന്റെ പുരോഗതിക്കും ജനങ്ങളുടെ ക്ഷേമത്തിനുമായി ഞാൻ ആത്മാർത്ഥമായി പരിശ്രമിച്ചിട്ടുണ്ട്. തുടർന്നും നിങ്ങൾക്കൊപ്പമുണ്ടാകുമെന്ന് ഞാൻ ഉറപ്പ് നൽകുന്നുവെന്ന് ജോസ് കെ മാണി വോട്ടഭ്യർത്ഥിച്ച് ഫേസ്ബുക്കിൽ കുറിച്ചു.
2026 ഏപ്രിൽ 9ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാലാ നിയോജകമണ്ഡലത്തിൽനിന്നും എൽഡിഎഫ് സ്ഥാനാർഥിയായി ഞാൻ ജനവിധി തേടുകയാണ്. നിങ്ങളുടെ ഓരോരുത്തരുടെയും അകമഴിഞ്ഞ പിന്തുണയും അനുഗ്രഹവും എനിക്കുണ്ടാകണമെന്ന് വിനയപൂർവം അഭ്യർത്ഥിക്കുന്നു. പാലാ ട്രിപ്പിൾ ഐടി, സയൻസ് സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ കോട്ടയം ക്യാമ്പസ്, മുത്തോലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് തുടങ്ങി നമ്മുടെ നാടിനെ രാജ്യത്തിന്റെ വികസന ഭൂപടത്തിൽ അടയാളപ്പെടുത്തുന്ന കേന്ദ്രസ്ഥാപനങ്ങൾ നമ്മുടെ നാട്ടിൽ സ്ഥാപിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്- ജോസ് പറഞ്ഞു.
പാലാ ഗവൺമെന്റ് ആശുപത്രിയോട് ചേർന്ന് രാജീവ് ഗാന്ധി ബയോ ടെക്നോളജി ലാബ്, ക്യാൻസർ ബ്ലോക്ക് തുടങ്ങിയ ഒട്ടേറെ പദ്ധതികൾ യാഥാർത്ഥ്യമാക്കുവാനും സാധിച്ചു. മികച്ച റോഡുകളും അടിസ്ഥാന സൗകര്യവികസനവും ഇലവീഴാപ്പൂഞ്ചിറ ഉൾപ്പെടെയുള്ള ടൂറിസം മേഖലയുടെ വളർച്ചയും ഉറപ്പാക്കാൻ കഴിഞ്ഞത് നിങ്ങൾ നൽകിയ കലവറയില്ലാത്ത പിന്തുണ കൊണ്ടാണ്. എന്റെ പിതാവ് കെ. എം. മാണിയുടെ നേതൃത്വത്തിൽ 1965 മുതൽ 50 വർഷത്തിലേറെക്കാലമായി നടന്ന പാലായുടെ വികസനം കേരളത്തിന് മാത്രമല്ല, രാജ്യത്തിനുതന്നെ തന്നെ ഉദാത്ത മാതൃകയായിരുന്നു. പാലായുടെ നഷ്ടപ്പെട്ട ആ സുവർണ്ണനാളുകൾ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. വികസന ക്ഷേമ മേഖലകളിൽ മുന്നേറാൻ നിങ്ങളോടൊപ്പം ഞാനുണ്ടാകും. പാലായിലെ എന്റെ പ്രിയപ്പെട്ട ഓരോരുത്തരുടെയും വിശ്വാസവും സ്നേഹവുമാണ് എന്നും എക്കാലത്തും എന്റെ കരുത്ത്.
2026 ഏപ്രിൽ 9 ന് കേരള നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിൽ പാലാ നിയോജക മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എനിക്ക് രണ്ടില ചിഹ്നത്തിൽ നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം നൽകി വിജയിപ്പിക്കണമെന്ന് താഴ്മയോടെ അഭ്യർത്ഥിക്കുന്നുവെന്ന് ജോസ് കെ മാണി ഫേസ്ബുക്കിൽ കുറിച്ചു. റോഷി അഗസ്റ്റിൻ, കാഞ്ഞിരപ്പള്ളി- എൻ ജയരാജ്, ചങ്ങനാശ്ശേരി- അഡ്വ. ജോബ് മൈക്കിൾ, പൂഞ്ഞാർ- അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ, ചാലക്കുടി – അഡ്വ. ബിജു ചിറയത്ത്, റാന്നി- പ്രമോദ് നാരായണൻ, തൊടുപുഴ- സിറിയക് ചാഴിക്കാടൻ, പിറവം- സാബു കെ ജേക്കബ്, ഇരിക്കൂർ – മാത്യു കുന്നപ്പള്ളി, കടുത്തുരുത്തി – നിർമ്മല ജിമ്മി, പെരുമ്പാവൂർ- ബേസിൽ പോൾ എന്നിങ്ങനെയാണ് കേരള കോൺഗ്രസിൻറെ മറ്റ് സ്ഥാനാർത്ഥികൾ.



